കുറ്റ്യാടി : ഉൾനാടൻ ഗ്രാമങ്ങളിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നു. ജില്ലയിലെയും ജില്ലയ്ക്ക് പുറത്തു നിന്നുമെത്തുന്ന മയക്കുമരുന്ന് മാഫിയകൾ ഈ മേഖലയിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് പ്രാദേശിക ഏജൻസികൾക്ക് എത്തിച്ചു നൽകുകയാണ് പതിവ്. ജനങ്ങൾ കൂടുതൽ ഇടപഴകാത്ത പ്രദേശങ്ങളിലും നിലവിൽ പ്രവർത്തിക്കാത്ത കെട്ടിടങ്ങളിലും അപരിചിതരായ നിരവധി പേർ വന്നു പോകുന്നതായി നാട്ടുകാർ പറയുന്നു. കഞ്ചാവും, സ്റ്റാമ്പും, മയക്കുഗുളികളുമാണ് ഏറെ പ്രിയമെന്ന് പറയുന്നു. ഏജന്റുമാർ അവരുടെ പ്രത്യേക വാഹനത്തിൽ ശേഖരിച്ച് ആവശ്യക്കാർക്ക് താവളത്തിൽ എത്തിച്ചു കൊടുക്കുന്നതായാണ് വിവരം.ഹൈസ്‌കൂൾ, പ്ലസ്.ടു വിദ്യാർത്ഥികളാണ് കൂടുതലായി ഇവരുടെ പിടിയിലാവുന്നത്. സമീപ പ്രദേശത്തെ ചില സ്ഥാപനങ്ങളിലെ പെൺകുട്ടികളും മയക്കുമരുന്നുകൾക് അടിമകളാണെന്നും ഇവർ വഴി വില്പന നടത്തുന്നതായും പറയുന്നു. ഗ്രൂപ്പുകളിലെ ലീഡർമാർ പ്രണയം നടിച്ചാണ് പെൺകുട്ടികളെ കീഴ്പെടുത്തുന്നതെന്ന് പറയുന്നു. പ്രാദേശികമായി ഇത്തരം സംഘങ്ങളെ കണ്ടെത്താനും മയക്കുമരുന്ന് ലഭിക്കുന്ന സ്രോതസുകൾ കണ്ടെത്താനും യുവജനസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പിടിയിലായ പ്ലസ് ടു വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകരുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൂർണമായും നൽകിയത്.കുറ്റ്യാടി, തൊട്ടിൽപാലം, നാദാപുരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മയക്കുമരുന്ന് മാഫിയകൾ ഗ്രാമമേഖലകൾ കീഴടക്കുന്നത്. പൊലീസ്, എക്സൈസ് സംഘങ്ങൾക്ക് ക്യത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നിസ്സംഗമായ നിലപാട് സ്വീകരിക്കുന്നതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നു.