ആലക്കോട്: മലയോരത്ത് വിവിധ സ്ഥലങ്ങളിൽ വൻ തോതിൽ കഞ്ചാവ് വിൽപന നടത്തി വന്ന രണ്ടു യുവാക്കളെ വാഹനവും കഞ്ചാവും സഹിതം ആലക്കോട് എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
നടുവിൽ പുലിക്കുരുമ്പ സ്വദേശി കണിയാർകുഴിയിൽ ജെറിൻ ജോസി (22) നെ പുലിക്കുരുമ്പയിൽ വെച്ചാണ് പിടികൂടിയത്. 100 ഗ്രാം ഉണക്ക കഞ്ചാവും ഇയാൾ ഉപയോഗിച്ചുവന്ന കെ.എൽ 59 എസ് 9737 അപ്പാച്ചെ ബൈക്കും കസ്റ്റഡിയിലെടുത്തു. കാസർകോട്ടു നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി 500 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. പുലിക്കുരുമ്പ സ്കൂൾ പരിസരം, തോട്ടുചാൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന. ദൂരെ സ്ഥലങ്ങളിൽ നിന്നും നിരവധിപേർ കഞ്ചാവ് വാങ്ങുന്നതിനായി ഇയാളുടെയടുക്കലെത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്.
നടുവിൽ വിളക്കന്നൂർ കുരിശുപള്ളിക്കു സമീപം പടപ്പേങ്ങാട് റോഡിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വിളക്കന്നൂർ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന താഴത്തുവീട്ടിൽ ജിഷ്ണു (20) വിനെ 50 ഗ്രാം ഉണക്ക കഞ്ചാവ് സഹിതം പിടികൂടിയത്. മലയോരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയംതട്ട്, മഞ്ഞപ്പുല്ല്, പൊട്ടൻപ്ലാവ്, തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നവർക്ക് കഞ്ചാവ് ചെറിയ പൊതികളാക്കി 600 രൂപയ്ക്ക് വില്പന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നതത്രെ. അറസ്റ്റിലായ ഇരുവരെയും തളിപ്പറമ്പ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.