കോഴിക്കോട്: വിഷു ദിനത്തിൽ 3 കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പിടിയിലായ യുവാവിന്റെ മൊഴിയിൽ നിന്നാണ് സിനിമാ മേഖലയിലേക്കുള്ള ലഹരിക്കടത്തിനെ കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചത്. ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള അണിയറ പ്രവർത്തകർക്കും മറ്റുമാണ് കൂടുതലായും ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്നാണ് വിവരം. കൂടാതെ കായിക മേഖലയിലും ആവശ്യക്കാരുണ്ടെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. നിരവധി കോളേജ് വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പതിവായി ഇവർക്ക് മയക്കുമരുന്ന് ലഭിച്ചുവരുന്നതായുമാണ് എക്‌സൈസ് നൽകുന്ന വിവരം. ഇത്തരത്തിൽ മയക്കുമരുന്നിന് അടിമകളായ വിദ്യാർത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് വിജയവാഡ കേന്ദ്രമാക്കി മലയാളികളുൾപ്പെടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. മൊത്തമായി എത്തിക്കുന്ന ഹാഷിഷ് ഓയിലിന് ഒരു മില്ലിക്ക് 1000 രൂപ നിരക്കിലാണ് ഈടാക്കുന്നത് . മണമില്ലാത്തതിനാൽ ഉപയോഗിച്ചാൽ തിരിച്ചറിയാനാവില്ലെന്ന സൗകര്യമാണ് ഹാഷിഷ് ഓയിലിന് ആവശ്യക്കാരേറിയതെന്നും ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച പുലർച്ചെയാണ് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് എക്‌സൈസ് സംഘം മൂന്ന് കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി പരപ്പിൽ ഫ്രാൻസിസ് റോഡിലെ വെള്ളിപറമ്പ് എൻ.വി.ഹൗസിൽ അൻവറിനെ (44) പിടികൂടിയത്. വിഷുവിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഡിജെ പാർട്ടിയിൽ വിതരണം ചെയ്യാനായിരുന്നു മയക്കുമരുന്ന് എത്തിച്ചത്. വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നൽകിയ മൊഴി.
മൊത്തമായി മയക്കുമരുന്ന് വാങ്ങി ചില്ലറയായി വിൽക്കുന്ന രീതിയാണ് അൻവറിന്റേത്. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് വിഷുദിനത്തിൽ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അൻവർ വിജയവാഡയിൽ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് സി.ഐയും സംഘവും പാലക്കാട് എത്തുകയും അൻവർ കയറിയ ബസിൽ പിന്തുടരുകയുമായിരുന്നു. അൻവറിന്റെ സഹായികളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനായി റിമാൻഡിൽ കഴിയുന്ന അൻവറിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്‌സൈസ് അറിയിച്ചു. ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ കെ.സതീശൻ, പ്രിവന്റീവ് ഓഫീസർ പ്രവീൺ ഐസക്, സീനിയർ സിവിൽ ഓഫീസർമാരായ എൻ. ശ്രീശാന്ത്, എം.റെജി, എം.എൽ. ആഷ്‌കുമാർ, പി.വിപിൻ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണസംഘം. രണ്ടാഴ്ച മുമ്പും ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ മൂന്നരകോടിയുടെ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു.