ele

കോഴിക്കോട്: കൊടുംചൂടിനൊപ്പം സംസ്ഥാനത്തെ വെെദ്യുതി ഉപയോഗവും നിയന്ത്രണാതീതമായി കുതിക്കുന്നു. ഈ മാസത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം ഉണ്ടായത് ഒമ്പതിനാണ്. 87.62 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കെ.എസ്.ഇ.ബിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വെെദ്യുതി ഉപഭോഗം ഉണ്ടായത് കഴിഞ്ഞമാസം 19നായിരുന്നു. 88.41 മില്യൺ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ചൂട് ക്രമാതീതമായി ഉയർന്നതിനാൽ ഫെബ്രുവരി മുതൽ തൊട്ടേ വൈദ്യുതി ഉപഭോഗം ശരാശരിയിൽ കൂടുതൽ​ ഉയർന്നിരുന്നു. വിഷുദിനത്തിൽ 3613 മെഗാവാട്ട് വെെദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്.

2019 മേയ് 23നാണ് വെെദ്യുതി ഉപയോഗം 88.34 മില്യൺ യൂണിറ്റ് രേഖപ്പെടുത്തിയത്. 2019 നേക്കാൾ 23 ശതമാനം വർധനവ് ഈ വേനലിൽ ഉണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.

11 ദശലക്ഷം യൂണിറ്റിനും 15 ദശലക്ഷം യൂണിറ്റിനും ഇടയിലാണ് സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപഭോഗം. ജില്ലയിൽ ദിവസം എട്ട് ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. മീനച്ചൂട് കടുത്തതോടെ ഫാൻ, എയർകണ്ടീഷൻ, കൂളർ എന്നിവയുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപഭോഗം കുതിക്കാനിടയായത്. ഉപയോഗം കൂടിയതോടെ വൈദ്യുതി ഉത്പാദനവും റെക്കോർഡിലെത്തി. മാർച്ച് മുതൽ മേയ് വരെയുളള മാസങ്ങളിലാണ് പൊതുവെ വെെദ്യുതി ഉപയോഗം കൂടുന്നത്. കൊവിഡിനെ തുടർന്ന് ഗാർഹിക വൈദ്യുതി ഉപയോഗം വർദ്ധിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞതിനാൽ സാധാരണയേക്കാൾ 20 ശതമാനം കുറവായിരുന്നു വെെദ്യുതി ഉപഭോഗം. കൊവിഡ് കാലത്ത് 60 മുതൽ 65 മില്യൺ യൂണിറ്റ് വരെയായിരുന്നു ശരാശരി വെെദ്യുതി ഉപയോഗം. 75 മില്യൺ യൂണിറ്റാണ് കേരളത്തിലെ ശരാശരി വാർഷിക വെെദ്യുതി ഉപഭോഗം.

ചൂട് കൂടിയതോടെ ജില്ലയിൽ 8 ശതമാനത്തിലധികം വീടുകളിൽ എയർകണ്ടീഷൻ ഉപയോഗിക്കുന്നതായാണ് കണക്ക്. രാത്രി 10ന് ശേഷമാണ് വൈദ്യുതി ഉപയോഗം ഉയരുന്നത്. വരുംദിവസങ്ങളിൽ ഉപഭോഗം കൂടുമെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനം ഉത്പാദിപ്പിക്കുന്ന 30 ശതമാനം ഒഴിച്ചാൽ ബാക്കി വരുന്ന 70 ശതമാനം വൈദ്യുതിയും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് കൊണ്ടുവരുന്നത്. എന്നാൽ വെെദ്യുതി ഉത്പ്പാദനത്തിൽ ഇടിവ് ഉണ്ടാവാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി.

'' വെെദ്യുതി ഉപഭോഗം റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ട്. ലോഡ് ഷെഡിംഗും പവർകട്ടുമില്ലാതെ വെെദ്യുതി നൽകാൻ കഴിയുന്നത് കെ.എസ്.ഇ.ബിയുടെ നേട്ടമാണ്. വെെദ്യുതി ഉപയോഗം ക്രമീകരിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം. അനാവശ്യ ഉപയോഗം കഴിവതും ഒഴിവാക്കുക-

'' ബോസ് ജേക്കബ്,​ ഡെപ്യൂട്ടി ചീഫ് എൻജിനിയർ,​ കെ.എസ്.ഇ.ബി കോഴിക്കോട്.