km-shaji

കോഴിക്കോട്: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെ.എം. ഷാജി എം.എൽ.എയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടി കൂടിയ പണവും സ്വർണവും പണമിടപാട് രേഖകളും സംബന്ധിച്ച് വിശദീകരണം നൽകുന്നതിന് ഷാജി ഇന്ന് വിജിലൻസിന് മുമ്പാകെ ഹാജരാകും.

ഇതു സംബന്ധിച്ച നോട്ടീസ് ഇന്നലെ വൈകീട്ട് ആറര മണിയോടെ അദ്ദേഹം കൈപ്പറ്റി. തൊണ്ടയാട് പ്രവർത്തിക്കുന്ന ഉത്തരമേഖല സ്പെഷ്യൽ വിജിലൻസ് എസ്.പി ഓഫീസിൽ രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ മുതൽ കെ.എം ഷാജിയെ ബന്ധപ്പെടാൻ വിജിലൻസ് ശ്രമിച്ചെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മറുപടി. ഒടുവിൽ വീട്ടിൽ നോട്ടീസ് പതിക്കാനുള്ള നീക്കവുമായി വിജിലൻസ് മുന്നോട്ട് പോകുന്നതിനിടെയാണ് നോട്ടീസ് കൈപ്പറ്റിയത്.

വിജിലൻസ് പരിശോധനാ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ. എസ്.പി ജി. ജോൺസൺ ഇന്നലെ കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് നിന്ന് 475 ഗ്രാം സ്വർണവും 30,000 രൂപയും വിദേശ കറൻസികളും ഭൂമി ഇടപാടിന്റെയും പണമിടപാടിന്റെയും രേഖകളും കണ്ണൂരിൽ നിന്ന് 47,35,500 രൂപയും 60 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശിയും സി.പി.എം നേതാവുമായ അഡ്വ. എം.ആർ.ഹരീഷ് നൽകിയ പരാതിയിലായിരുന്നു വിജിലൻസ് കേസെടുത്തത്. പ്രാഥമികാന്വേഷണത്തിൽ കെ.എം.ഷാജി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വരവിനേക്കാൾ 166 ശതമാനത്തിലധികം സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.