കോഴിക്കോട്: കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും നാളെയും കൊവിഡ് പരിശോധന മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസങ്ങളിലായി 20,000 വീതം പരിശോധന നടത്താനാണ് തീരുമാനമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും ഓൺലൈൻ യോഗത്തിൽ കളക്ടർ സാംബശിവറാവു അറിയിച്ചു. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നതിലൂടെ രോഗ വ്യാപനം തടയുകയാണ് ലക്ഷ്യം. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഇതിനായി ക്യാമ്പുകൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായി സൗകര്യമൊരുക്കും.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങൾ കൂടിച്ചേർന്നതും നിയന്ത്രണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗ വ്യാപനത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വർദ്ധനവുണ്ടായി. വ്യാപനം രൂക്ഷമാകുന്നത് മരണ നിരക്ക് ഉയരാനിടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കൂട്ടാൻ തീരുമാനിച്ചത്. നിലവിൽ പ്രതിദിനം 10, 000 പേരെ പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തവരെ ടെസ്റ്റിന് വിധേയരാക്കിയെന്ന് ഉറപ്പുവരുത്തും. വയോജനങ്ങൾ, മറ്റ് രോഗമുളളവർ, ലക്ഷണങ്ങൾ ഉളളവർ എന്നിവരെയും കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ എന്നിവരെയും പരിശോധിക്കും. ഷോപ്പുകൾ, ഹോട്ടലുകൾ, തിരക്കേറിയ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്‌സി ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയരാക്കാൻ ഉടമകൾക്ക് ശ്രദ്ധിക്കണം. കൊവിഡ് വ്യാപിക്കുന്നതിനാൽ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണം. കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ സജീവമായിരുന്ന വാർഡുതല ആർ.ആർ.ടികൾ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയിൻമെന്റ് സോണുകളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ ആൾക്കൂട്ടം കർശനമായി ഒഴിവാക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കാനും കളക്ടർ നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ എൻ.റംല, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.നവീൻ, ഡോ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.