സുൽത്താൻ ബത്തേരി: വൃത്തിയുടെയും പൂക്കളുടെയും സുൽത്താനായ ബത്തേരിയെ അലങ്കരിക്കാൻ ജീവൻ തുടിക്കുന്ന ചിത്രങ്ങളും.
കലാകാരന്മാരുടെയും പ്രകൃതി സ്നേഹികളുടെയും കൂട്ടായ്മയായ ഗ്രീൻസ് ഇന്ത്യാ ചാപ്റ്ററാണ് ബത്തേരി പട്ടണത്തിലെ പാഴായി കിടക്കുന്ന ചുമരുകളും ഭിത്തിയും കെട്ടിടവുമെല്ലാം ഗ്രാഫിറ്റി പെയിന്റിംഗിലൂടെ രൂപാന്തരം വരുത്തിയിരിക്കുന്നത്. പ്രവാസിയായ റഷീദ് ഇമേജിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങളൊരുക്കുന്നത്.
വൃത്തികേടായി കിടക്കുന്ന മതിലുകൾ, ആരും തിരിഞ്ഞുനോക്കാത്ത കെട്ടിടങ്ങൾ, ചുമരുകൾ എന്നിവിടങ്ങളിലാണ് ചിത്രങ്ങൾ പിറവിയെടുക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ സമയത്താണ് നാടിനു വേണ്ടി റഷീദ് കൂട്ടുകാരുമായി ചേർന്ന് ചിത്രരചന നടത്തുന്നത്.
ബത്തേരി പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ, ചുങ്കത്തെ മരത്തടികൊണ്ട് തീർത്ത കെട്ടിടം എന്നിവയല്ലാം ചിത്രങ്ങൾക്ക് കാൻവാസായി. ചുങ്കത്ത് മരത്തടികൾ കൊണ്ട് നിർമ്മിച്ച് ഇരു നില മാളികയിൽ മുമ്പ് ചിത്രങ്ങൾ തീർത്തിരുന്നെങ്കിലും പോസ്റ്റർ ഒട്ടിച്ച് എല്ലാം വികൃതമാക്കിയിരുന്നു.
ഇത് പെയിന്റിംഗിലൂടെ വീണ്ടും സുന്ദരമാക്കി. ആറ് ദിവസമെടുത്താണ് പൊലീസ് സ്റ്റേഷന്റെ മതിലിൽ ചിത്രങ്ങൾ വരച്ചത്. കൂട്ടായ്മയിലെ അംഗങ്ങൾ സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് പെയിന്റും മറ്റ് സാധനങ്ങളും വാങ്ങി ചിത്രങ്ങൾ വരയ്ക്കുന്നത്.
ഒന്നര വർഷം മുമ്പാണ് ഈ രീതിയിൽ ചിത്രങ്ങൾ തീർക്കാൻ തുടങ്ങിയത്. വയനാടിന്റെ പ്രവേശന കവാടമായ ലക്കിടി മുതൽ അതിർത്തി പ്രദേശമായ മുത്തങ്ങ വരെ ഇത്തരത്തിൽ ചിത്രങ്ങൾ തീർത്തിട്ടുണ്ട്.
റഷീദ് ഇമേജിന് പുറമെ നാസർ ലൗഡെയൽ, സുരാജ് പുരുഷോത്തമൻ, ബഷീർ, നിസി അഹമ്മദ്, നൗഫൽ തിരുവങ്ങാടൻ, അജയ് ഗോവിന്ദ്, സുജിത്, ഗഫൂർ, എ.കെ.സഫറുള്ള, റബി പോൾ എന്നിവരാണ് ചിത്രകാരന്മാർ.