പുൽപ്പള്ളി: പുൽപ്പള്ളി മാവിലാംതോട്ടിലെ പഴശ്ശി പാർക്കിൽ കുതിര സവാരി ചെയ്യാൻ അവസരം. കുതിരവണ്ടിയിൽ യാത്ര ചെയ്യാനും കുതിരപ്പുറത്തേറി യാത്ര ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് പുൽപ്പള്ളി പാറക്കടവ് കളരിക്കൽ ബേബി എന്ന കോട്ടയം ബേബിയാണ്. കുതിര കമ്പമാണ് ബേബിയെ പഴശ്ശി പാർക്കിൽ കുതിരകളെ എത്തിക്കാൻ കാരണമാക്കിയത്. പഴശ്ശി രാജാവ് പടനയിച്ചതും മറ്റും കുതിരപ്പുറത്തേറിയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള പാർക്കിൽ അതുകൊണ്ട് തന്നെയാണ് കുതിരയെ എത്തിച്ചതെന്ന് ബേബി പറയുന്നു.
നാലുപേർക്ക് സവാരി ചെയ്യാവുന്ന കുതിരവണ്ടിയും ഒരാൾക്ക് തനിയെ സവാരി ചെയ്യാവുന്ന കുതിരയുമാണ് ഇവിടെയുള്ളത്. പൊള്ളിച്ചിയിൽ നിന്നാണ് ഇവയെ കൊണ്ടുവന്നിരിക്കുന്നത്. വയനാട്ടിൽ മറ്റൊരു വിനോദ സഞ്ചാരകേന്ദ്രത്തിലും ഇപ്പോൾ കുതിര സവാരിക്കുള്ള സൗകര്യമില്ല. കുതിരവണ്ടിയിൽ ഒരാൾക്ക് 50 രൂപയും കുതിര സവാരിക്ക് 100 രൂപയുമാണ്നിരക്ക്. ഈ പുതിയ സംരംഭം നിരവധിപേരെ ആകർഷിക്കുന്നുണ്ട്. കുതിരയ്ക്കൊപ്പം ഫോട്ടൊയെടുക്കാനും മറ്റും സന്ദർശകർക്ക് ഏറെ താൽപ്പര്യം. ഡി.ടി.പി.സി യുടെയും സഹകരണം ലഭിക്കുന്നുണ്ടെന്ന് ബേബി പറഞ്ഞു.