സുൽത്താൻ ബത്തേരി; ആനവണ്ടി സ്നേഹികൾ കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ വിനോദ യാത്ര അതിര് കവിഞ്ഞതോടെ ബസ് ഡ്രൈവർമാരായ രണ്ട് പേരെയും ജോലിയിൽ നിന്ന് മാറ്റിനിർത്തികൊണ്ടുള്ള നടപടി കെ.എസ്.ആർ.ടി.സിയും മോട്ടാർ വാഹന വകുപ്പും എടുത്തു.
ബത്തേരി ഡിപ്പോയിലെ ഡ്രൈവർമാരായ ചീരാൽ സ്വദേശി കെ.ടി.വിനോദ്കുമാർ, കേണിച്ചിറ സ്വദേശി ടി.ബി.ഷിബു എന്നിവർക്കതിരെയാണ് നടപടി. സോണൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ചയാണ് ആനവണ്ടി ഫാൻസ് അസോസിയേഷന്റെ പേരിൽ ഒരു കൂട്ടം ആളുകൾ ബത്തേരി ഡിപ്പോയിലെ രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ വാടകക്കെടുത്ത് ഉല്ലാസ യാത്ര നടത്തിയത്. സഞ്ചാരികളുടെ യാത്ര കെ.എസ്.ആർ.ടി.സിക്ക് മാനകേടുണ്ടാക്കുന്ന തരത്തിലായിരുന്നുവെന്നും യാത്രാ നിയമം ലംഘിച്ചുവെന്നും പരാതി ഉയർന്നു.
ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർമാർക്കെതിരെ കെ.എസ്.ആർ.ടി.സിയും മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തത്. സഞ്ചാരികളെ ബസിന്റെ മുകളിൽ കയറ്റി അപകടകരമാം വിധം ഓടിക്കുകയും ഡിപ്പോയിൽ പടക്കം പൊട്ടിച്ച് അപകടകരമാവിധം പെരുമാറിയതിന് കൂട്ടുനിന്നുവെന്നതിനുമാണ് ഡ്രൈവർമാർക്കെതിരെ നടപടി. ഇത് സംബന്ധിച്ച് കൂടുതൽ പേർക്കെതിരെ കെ.എസ്.ആർ.ടി.സി വകുപ്പുതല നടപടിക്കൊരുങ്ങുന്നുണ്ട്.