cal

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കു നടന്ന അദ്ധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി സംബന്ധിച്ച പരാതിയിൽ ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചാൻസലറോട് വിശദീകരണം തേടി.

ഫിസിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി അസി. പ്രൊഫസർ ഇന്റർവ്യുവിൽ പങ്കെടുത്ത ചെന്നൈ ഐ.ഐ.ടിയിലെ പോസ്റ്റ് ഡോക്‌ടറൽ ഫെലോ ഡോ.കെ.പ്രമോദ് സമർപ്പിച്ച പരാതിയിലാണിത്. ഡോ.പ്രമോദിന് മികച്ച അക്കാഡമിക് യോഗ്യതയ്ക്ക് പുറമെ വിദേശത്തുൾപ്പെടെ അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതടക്കം നേട്ടങ്ങളുണ്ട്.

പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാനാണ് ഈ മാസം ആറിനയച്ച കത്തിലെ നിർദ്ദേശം. ഇത് പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും വി.സി നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡോ.പ്രമോദിന്റെ പരാതി

 അദ്ധ്യാപക നിയമനത്തിന് യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇന്റർവ്യൂവും നിയമനവും നടക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, ഉന്നതനിലവാരമുള്ള ജേർണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, സെമിനാറുകളിലെ പ്രബന്ധാവതരണം, അദ്ധ്യാപനപരിചയം എന്നിവയ്ക്കാപ്പം ഇന്റർവ്യൂവിന് ലഭിച്ച മാർക്കും പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. ഇതെല്ലാം അവഗണിക്കപ്പെട്ടു.

 അദ്ധ്യാപക നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾത്തന്നെ പട്ടികജാതി - പട്ടികവർഗ സംവരണം വ്യക്തമാക്കിയിരിക്കണമെന്നുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്തിയ ശേഷമേ പൊതുവിഭാഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കാവൂ. ഇതും ലംഘിക്കപ്പെട്ടു.