കോഴിക്കോട്: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെട്ട സ്റ്റാർട്ടപ്പ് സംരംഭത്തിന് അഞ്ചു ലക്ഷം ഡോളറിന്റെ (ഏകദേശം 3.75 കോടി രൂപ) അന്താരാഷ്ട്ര സമ്മാനം. കോഴിക്കോട് സ്വദേശിയും മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (എം.ഐ.ടി) ഗവേഷക വിദ്യാർത്ഥിയുമായ ശ്രീദത്ത് പാനാട്ട് സഹസ്ഥാപകനായ അഗ്‌സെൻ സ്റ്റാർട്ടപ്പ് സംരംഭമാണ് ടെക്സാസ് റൈസ് യൂണിവേഴ്സിറ്റിയുടെ 'റൈസ് ബിസിനസ് പ്ലാൻ' മത്സരത്തിൽ കാഷ്- ഇൻവെസ്റ്റ്മെന്റ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനത്തിന് അർഹമായത്.
കാർഷികവിളകളിൽ കുറഞ്ഞ അളവിലുള്ള കീടനാശിനി കൂടുതൽ പ്രതലത്തിലേക്ക് എത്തിക്കാനാവുന്നതിലൂടെ അവയുടെ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാനാവുന്ന 'സ്‌പ്രേ ആൻഡ് ഫോർമുലേഷൻ' സാങ്കേതികവിദ്യയ്ക്കാണ് അംഗീകാരം. ഇതിന് അഗ്സെൻ പേറ്റന്റും നേടിയിട്ടുണ്ട്. ശ്രീദത്തിനു പുറമേ സഹവിദ്യാർത്ഥി വിഷ്ണു ജയപ്രകാശ്, മഹേർ ദമാക്, മെക്കാനിക്കൽ എൻജിനിയറിംഗ് പ്രൊഫസർ കൃപ വാരണാസി എന്നിവർ കൂടി ഉൾപ്പെട്ട സംഘമാണ് സ്റ്റാർട്ടപ്പിനു പിന്നിൽ.
മത്സരത്തിൽ രണ്ടാം സമ്മാനത്തിനു പുറമെ 3,00,000 ഡോളർ ഔൾ ഇൻവെസ്റ്റ്‌മെന്റ് പ്രൈസും മറ്റു നിക്ഷേപ സമ്മാനങ്ങളും അഗ്‌സെൻ നേടി. ഇതുൾപ്പെടെ 5,02,000 ഡോളർ പ്രോജക്ടിന് ലഭിക്കും. കീടനാശിനി മലിനീകരണം ഗണ്യമായി കുറച്ച് ലോകമെമ്പാടുമുള്ള കർഷകരെ പ്രതിവർഷം 20 ബില്യൺ ഡോളർ ലാഭിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.
റൈസ് ബിസിനസ് പ്ലാൻ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 140 ടീമുകൾ പങ്കെടുത്തിരുന്നു. അവസാന റൗണ്ടിലെത്തിയ 54 സ്റ്റാർട്ടപ്പുകളിൽ നിന്നാണ് അഗ്സെൻ രണ്ടാം സ്ഥാനം നേടിയത്. ചെന്നൈ ഐ.ഐ.ടി യിൽ നിന്ന് 2017 ൽ എൻജിനീയറിംഗ് ബിരുദം നേടിയ ശ്രീദത്ത് പാനാട്ട് കേരളകൗമുദിൽ നിന്ന് ന്യൂസ് എഡിറ്റർ ആയി വിരമിച്ച പൂവാട്ടുപറമ്പ് ശ്രീലകത്ത് പി. പദ്മനാഭൻ നമ്പൂതിരിയുടെയും കേരള ഗ്രാമീൺ ബാങ്ക് മാനേജർ കെ.സി. ലളിതയുടെയും മകനാണ്. ഇളയ സഹോദരൻ ശ്രീരാഗ് പാനാട്ട് മുംബയ് ഐ.ഐ.ടിയിൽ പഠനം പൂർത്തിയാക്കി.