km-shaji-

കോഴിക്കോട്:കണ്ണൂരിലെ തന്റെ ക്യാമ്പ് വസതിയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ചെലവിന് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റികൾ പിരിച്ച് നൽകിയതാണെന്ന് കെ. എം ഷാജി എം.എൽ.എ വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ മൊഴി നൽകി.

പണത്തിന്റെ ഉറവിടത്തിന്റെ രേഖകൾ ഹാജരാക്കാൻ ഷാജി ഒരാഴ്ച സാവകാശം ചോദിച്ചത് വിജിലൻസ് അനുവദിച്ചു.

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ.എം.ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 47,35,500 രൂപയും 60 ഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. പണത്തിന്റെ ഉറവിടം വിശദീകരിക്കാൻ ഉത്തരമേഖല സ്പെഷ്യൽ വിജിലൻസ് എസ്.പി നോട്ടീസ് നൽകിയതനുസരിച്ചാണ് ഷാജി ഇന്നലെ ഹാജരായത്. രാവിലെ 10.15ന് തുടങ്ങിയ ചോദ്യംചെയ്യൽ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ തുടർന്നു.

ഒരാഴ്ചക്കുള്ളിൽ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് തൃപ്തികരമെങ്കിൽ വിജലൻസ് പണം തിരിച്ചു നൽകും. അല്ലെങ്കിൽ വീണ്ടും ചോദ്യം ചെയ്യും.

കോഴിക്കോട്ടെ സി.പി.എം നേതാവ് അഡ്വ. എം.ആർ.ഹരീഷ് നൽകിയ പരാതിയെ തുടർന്നുള്ള പ്രാഥമികാന്വേഷണത്തിൽ ഷാജി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വരവിനേക്കാൾ 166 ശതമാനം കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

പണം പിടിച്ചതിന്റെ പേരിൽ തന്നെ പൂട്ടാനാവില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ.എം ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവിടത്തെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 475 ഗ്രാം സ്വർണാഭരണങ്ങളും വിദേശ കറൻസിയും തിരിച്ചുകിട്ടിയിട്ടുണ്ട്. കുട്ടികൾ ഹോബിയായി ശേഖരിച്ച,​ വിവിധ രാജ്യങ്ങളിലെ കറൻസിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.