കോഴിക്കോട് : കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ ജില്ലയിൽ രോഗബാധിതരെ കണ്ടെത്താനായി കൊവിഡ് പരിശോധനാ മഹായജ്ഞം തുടങ്ങി. ഇന്നലെ 19, 300 പേരെ പരിശോധിച്ചു. വെളളി, ശനി ദിവസങ്ങളിലായി 31, 400 പരിശോധനകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിർദ്ദേശം. സംസ്ഥാനത്ത് തന്നെ ഉയർന്ന പരിശോധനാ നിരക്കാണ് ജില്ലയിലേത്.
രണ്ട് ദിവസം കൊണ്ട് 40,000 പരിശോധനകൾ എന്ന ലക്ഷ്യവുമായാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജ് ഉൾപ്പെടെ പ്രധാന ആശുപത്രികളിലും പരിശോധന നടത്തുന്നുണ്ട്. ഒ.പികളിലെത്തുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ശനിയാഴ്ചയോടെ 40, 000 ടെസ്റ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചത്. കളക്ടർ എസ്.സാംബശിവ റാവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.രോഗ വാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നതിലൂടെ രോഗ വ്യാപനം തടയുകയാണ് പരിശോധനകളുടെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യമൊരുക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കും. വയോജനങ്ങൾ, മറ്റ് രോഗമുളളവർ, ലക്ഷണങ്ങൾ ഉളളവർ, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ എന്നിവരെയും പരിശോധിക്കും.