രാമനാട്ടുകര: ദേശീയപാത എയർപോർട്ട് റോഡിൽ രാമനാട്ടുകര പുളിഞ്ചോട്ടിലെ മദ്രസയ്ക്ക് സമീപം വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് അപകടം. പോസ്റ്റിന്റെ മുകൾ ഭാഗം മുറിഞ്ഞ് വൈദ്യുതി ലൈൻ നിലംപൊത്തിയതോടെ പ്രദേശത്ത് 10 മണിക്കൂറോളം വൈദ്യുതി നിലച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. കെ.എസ്.ഇ.ബി ജീവനക്കാരെത്തി റോഡിൽ കിടന്ന കമ്പികൾ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇവിടുത്തെ വൈദ്യുതി തൂണുകൾ വാഹനങ്ങൾ ഇടിച്ചു വീഴ്ത്തുക പതിവാണ്. റോഡിലെ വളവും വീതി കുറവുമാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. പകൽ സമയത്ത് ഏറെ തിരക്കുളള ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണവുമില്ല. രാമനാട്ടുകര ഗവ.ആശുപത്രി, മുസ്ളീം പള്ളി, മദ്രസ, എൽ.ഐ.സി ഓഫീസ് തുടങ്ങിയവയെല്ലാം ഈ പ്രദേശത്താണ്. കാൽനടയാത്രയും ഏറെ പ്രയാസകരമാണ്.