മുക്കം: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ പ്രാദേശിക ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും നടത്തുന്ന പരിശോധനാ ക്യാമ്പുകളും പ്രതിരോധ വാക്സിൻ വിതരണ ക്യാമ്പുകളും ആൾക്കൂട്ട കേന്ദ്രങ്ങളാകുന്നതായി പരാതി. മിക്ക കേന്ദ്രങ്ങളിലും അനിയന്ത്രിത തിരക്കാണ്. മുക്കം സി.എച്ച്.സി യിൽ നടത്തിയ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പിലും സ്രവ പരിശോധന ക്യാമ്പിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. അതേസമയം വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ മുക്കം നഗരസഭ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.