കോഴിക്കോട് : കോർപ്പറേഷൻ പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി ഇന്ന് അടിയന്തര കൗൺസിൽ യോഗം ചേരും. വാർഡ് തലത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി ആർ.ആർ.ടികൾ വിപുലപ്പെടുത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി. നഗരസഭാ പരിധിയിലെ കച്ചവട സ്ഥാപനങ്ങളിലുൾപ്പെടെ 15 ദിവസത്തിലൊരിക്കൽ കൊവിഡ് പരിശോധന നടത്തും. രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ എഫ്.എൽ.ടി.സികൾ സജ്ജീകരിക്കും. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ ലേബർ ഓഫീസറുടെ സഹായത്തോടെ ആന്റിജൻ ടെസ്റ്റുകൾ നടത്തും. ടെലി കൺസൾട്ടേഷൻ സംവിധാനത്തിലൂടെ എല്ലാ ദിവസവും രോഗികളുടെ അവസ്ഥ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തും. പ്രയാസമനുഭവപ്പെടുന്ന രോഗികളെ ആശുപത്രികളിലേക്ക് മാറ്റും.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ പൊലീസിന്റെ കർശന നടപടികൾ ഉണ്ടാവും. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് , എം.എൽ.എമാരായ എ.പ്രദീപ് കുമാർ , വി.കെ.സി മമ്മത്കോയ, ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.