തമിഴ്നാട്, ആന്ധ്ര തേങ്ങ ഇറക്കുമതി വ്യാപകം
കുറ്റ്യാടി ഇനത്തിന്റെ വിലയിൽ 6 രൂപ ഇടിവ്
കുറ്റ്യാടി: ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, സംഗതി ഒന്നാന്തരം വ്യാജൻ. കുറ്റ്യാടി തേങ്ങയ്ക്കു ഭീഷണിയായി മാറിയ 'വില്ലൻ" ഇനങ്ങൾ വീണ്ടും വിപണിയിൽ പരക്കെ പടർന്നുകഴിഞ്ഞു. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഏറിയതോടെ കുറ്റ്യാടി തേങ്ങയുടെ വില ഇടിയുകയാണ്.
മൂന്നു മാസം മുമ്പും ഇറക്കുമതി തേങ്ങ കുറ്റ്യാടി മേഖലയിൽ എത്തിയിരുന്നു. കർഷകർ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ വ്യാജ തേങ്ങയുടെ ലോബി തത്കാലം പിന്മാറുകയാണുണ്ടായത്.
രണ്ടാഴ്ച മുമ്പു വരെ കുറ്റ്യാടി തേങ്ങ കിലോഗ്രാമിന് 44 രൂപയായിരുന്നു. ഇപ്പോൾ അത് 38 രൂപയായി കുറഞ്ഞു. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നു ട്രക്കുകളിലടക്കം തേങ്ങ കൊണ്ടുവന്ന് വിലങ്ങാട്, കായക്കൊടി, കണയങ്കോട്, ഉള്ള്യേരി, എളേറ്റിൽ, വട്ടോളി തുടങ്ങിയ കേന്ദ്രങ്ങളിൽ ഇറക്കി ചെറിയ കടകളിലേക്ക് വരെ എത്തിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നു കിലോയ്ക്ക് 30 മുതൽ 32 രൂപ വരെ നിരക്കിൽ വാങ്ങുന്ന തേങ്ങ കുറ്റ്യാടി ഇനമെന്ന മട്ടിൽ 44 രൂപയ്ക്ക് വരെ വിറ്റിട്ടുണ്ട്. വെട്ടി നോക്കിയാലേ തേങ്ങ വ്യാജനാണെന്ന് മനസ്സിലാക്കാനാവൂ. നേരത്തെ പുറമേ നിന്ന് കൊണ്ടുവരുന്ന വലിയ ഇനം തേങ്ങ കുറ്റ്യാടി ഇനത്തിൽ ഇട കലർത്തിയാണ് വില്പന നടത്തിയിരുന്നത്.
തമിഴ്നാട്ടിൽ നിന്ന് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത് ചെറിയ ഇനമാണ്. കച്ചവടക്കാർക്ക് പോലും പെട്ടെന്ന് വ്യാജനെ തിരിച്ചറിയാനാവില്ല. ബിസ്‌കറ്റ് കമ്പനികളിലേക്കാണ് ഈ ഇനം കൂടുതലും കൊണ്ടുപോകുന്നത്.
കുറ്റ്യാടി തേങ്ങ 100 കിലോ വെട്ടി ഉണക്കിയാൽ 33 കിലോ കൊപ്ര ലഭിക്കും. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ തേങ്ങ 100 കിലോ ഉണക്കിയാൽ പരമാവധി 28 കിലോ മാത്രമാണ് ലഭിക്കുക. വെളിച്ചെണ്ണയും കുറവായിരിക്കും.
കുറ്റ്യാടി തേങ്ങയുടെ 100 കിലോ കൊപ്രയിൽ നിന്ന് 66 കിലോ വെളിച്ചെണ്ണ ലഭിക്കുമ്പോൾ ഇറക്കുമതി ഇനങ്ങളുടേതിൽ നിന്നു ലഭിക്കുക 58 കിലോ മാത്രം.
ഇറക്കുമതി ഇനങ്ങൾ ഒരു ലോഡ് ഇവിടെ എത്തിച്ച് വില്പന നടത്തുമ്പോൾ കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപയിലേറെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ഇവിടെ നിന്ന് തേങ്ങ കയറ്റുമതി ചെയ്യുന്നവർക്കാകട്ടെ വിലക്കുറവ് കാരണം ലക്ഷങ്ങളുടെ നഷ്ടവും. വില കൂടുമെന്ന പ്രതീക്ഷയിൽ കാത്തുവെക്കുമ്പോൾ പലയിടത്തും കെട്ടിക്കിടക്കുകയാണ് ഈ മികച്ച ഇനം.