kovid

കോഴിക്കോട്: നഗര പരിധിയിൽ അതിതീവ്രമായി കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധനയ്ക്കും പ്രതിരോധ കുത്തിവെപ്പിനുമായി ക്യാമ്പുകൾ വിപുലപ്പെടുത്താനും രോഗബാധിതരുടെ വീടുകളിൽ ടെലി മെഡിസിൻ സൗകര്യമൊരുക്കാനും കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. വാർഡ് തല നിരീക്ഷണ കമ്മിറ്റികൾ ശക്തമാക്കും. മൂന്ന് വാർഡുകൾക്ക് ഒരാൾ വീതം നഗരത്തിൽ 25 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. വീടുകളിൽ കഴിയുന്നവർക്ക് ഫോൺ വഴി വൈദ്യസഹായമെത്തിക്കുകയാണ് ടെലിമെഡിസിന്റെ ലക്ഷ്യം. ഹോട്ടലുകളിൽ രാത്രി ഒമ്പതിന് ശേഷം ടേക് എവേ കൗണ്ടറുകൾക്കായി കുറച്ചു കൂടി സമയം അനുവദിക്കാൻ ആവശ്യപ്പെടും. 75 വാർഡിലും മോണിറ്ററിംഗ് കമ്മിറ്റികൾ വിളിച്ച് നടപടി ഉടൻ പൂർത്തിയാക്കും. നഗരത്തിലെ കൊവിഡ് ബാധിതരെപ്പറ്റി കൂടുതൽ വ്യക്തത വരുത്താൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടും. കൺടെയ്ൻമെന്റ് സോണുകളിൽ വിവാഹങ്ങൾ അഞ്ച് പേർ മാത്രം പങ്കെടുത്ത് നടത്താനാവും. പന്നിയങ്കര സുമംഗലി ഹാളിൽ 300 പേർക്കുള്ള ബെഡുകൾ ഒരുക്കിക്കഴിഞ്ഞു. അലങ്കാർ ഹാളിലും സൗകര്യമൊരുക്കും. വാർഡ് തല കമ്മിറ്റികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പ്രവർത്തിക്കും. 18ന് ടാഗോർ ഹാളിലടക്കം നാല് പ്രത്യേക ക്യാമ്പുകളും തുടർന്ന് ഓരോ വാർഡിലും പ്രത്യേക ക്യാമ്പുകളും സജ്ജമാക്കും. മൊബൈൽ പരിശോധന- പ്രതിരോധ കുത്തിവെപ്പ് യൂണിറ്റുകൾ സജ്ജമാക്കും. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നഗരത്തിൽ ആവശ്യത്തിന് വാക്‌സിൽ ലഭ്യമാണെന്ന് മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് , സ്ഥിരം സമിതി അംഗങ്ങളായ പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, കൗൺസിലർമാരായ വരുൺ ഭാസ്‌ക്കർ, സദാശിവൻ ഒതയമംഗലത്ത്, കെ.സി.ശോഭിത, എം.എൻ.പ്രവീൺ, എം.പി.ഹമീദ്, അഡ്വ.സി.എം.ജംഷീർ, ഇ.എം.സോമൻ, ഡോ.പി.എൻ.അജിത, എം.ബിജുലാൽ, കെ.മൊയ്തീൻ, എസ്.കെ.അബൂബക്കർ, അൽഫോൻസ മാത്യു, നവ്യ ഹരിദാസ്, സി.എസ്.സത്യഭാമ, വി.കെ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.യു.ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.