കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കൽ അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ വ്യാപാരികൾ തയ്യാറാണ്. ഉദ്യോഗസ്ഥർ കടകളിൽ കയറി വ്യാപാരികളെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തുകയാണ്. പൊതുസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥർ കടകളിൽ കയറി ഭീഷണിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിച്ചത്. അന്നൊന്നും ഒരു ചെറുവിരൽ അനക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. മനപൂർവം വ്യാപാരികളെ ദ്രോഹിക്കുകയാണെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് മനാഫ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം രാമനാട്ടുകര സ്വാഗതവും ട്രഷറർ കെ. പി മുർത്താസ് നന്ദിയും പറഞ്ഞു.