കോഴിക്കോട് : കൊവിഡ് വ്യാപനം തീവ്രമായതോടെ രോഗബാധിതരെ കണ്ടെത്താൻ ജില്ലയിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ കൊവിഡ് പരിശോധനാ മഹായഞ്ജത്തിൽ 42,920 പേരുടെ സാമ്പിൾ ശേഖരിച്ചു.ആദ്യ ദിവസമായ വെള്ളിയാഴ്ച 19,300 ടെസ്റ്റുകളാണ് നടത്തിയത്. ഇന്നലെ വൈകീട്ടോടെ 40, 000 എന്ന ലക്ഷ്യം മറികടന്നു. 31,400 ടെസ്റ്റുകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിർദ്ദേശം. പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ ലഭ്യമാവും.
ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലുമാണ് പരിശോധന നടന്നത്. സ്‌കൂളുകളിൽ ഉൾപ്പെടെ ക്യാമ്പുകൾ നടന്നു. ആശുപത്രി ഒ.പി.കളിലെത്തുന്നവരെയും കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തവരും കുടുംബശ്രീ പ്രവർത്തകരും വിവിധ കേന്ദ്രങ്ങളിൽ സാമ്പിൾ നൽകി.
രോഗ വാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നതിലൂടെ വ്യാപനം തടയാനാണ് പരിശോധന വ്യാപകമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് സൗകര്യങ്ങളൊരുക്കുന്നത്. പ്രാദേശികതലത്തിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചാരണം നടത്തിയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്.
വരും ദിവസങ്ങളിലും രോഗികൾ കൂടാനിടയുണ്ടെന്ന നിഗമനത്തിൽ ജില്ലയിലെ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.