കോഴിക്കോട്: കൊവിഡിന്റെ അതിതീവ്ര വ്യാപനം പരിഗണിച്ച് നഗരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ജില്ലാ പൊലീസ്. ട്യൂഷൻ സെന്ററുകൾ, പി.എസ്.സി കോച്ചിംഗ് സെന്ററുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കും. നടപടി ക്രമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഷോപ്പിംഗ് മാളുകളിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ള കൊവിഡ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും പ്രവേശിപ്പിക്കില്ല. മാർക്കറ്റുകൾ , എസ്.എം. സ്ട്രീറ്റ്, നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവരെയും മാസ്‌ക് ധരിക്കാത്തവരെയും കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. സിനിമ തിയേറ്ററുകൾ, ഷോപ്പുകൾ തുടങ്ങിയവ രാത്രി ഒമ്പതിന് ശേഷം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. സിനിമ തിയേറ്ററുകളിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കാൻ പാടില്ല. വൈകീട്ട് അഞ്ചിന് ശേഷം ബീച്ചിൽ തങ്ങാൻ അനുവദിക്കില്ല. ബസുകളിൽ ഇരുന്നുള്ള യാത്ര മാത്രം. നിയന്ത്രണം ലംഘിച്ചാൽ കണ്ടക്ടർ, ഡ്രൈവർ, ഉടമ എന്നിവർക്കെതിരെ കർശന നടപടി. ഓട്ടോറിക്ഷകളിലും കാറുകളിലും അനുവദനീയമായ യാത്രക്കാർ മാത്രം. യാത്രക്കാർക്ക് മാസ്ക് നിർബന്ധം. ഷോപ്പുകളിലും, മാളുകളിലും 100 സ്ക്വയർ ഫൂട്ടിൽ 4 പേർ എന്ന കണക്കിൽ കസ്റ്റമേഴ്‌സിനെ പ്രവേശിപ്പിക്കാം. സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധം.
പൊതു ചടങ്ങുകൾക്ക് മുൻകൂട്ടി അനുവാദം വാങ്ങണം. വാടകയ്ക്ക് പോകുന്ന വാഹന ഡ്രൈവർമാർ യാത്രക്കാരുടെ ഫോൺ നമ്പർ ശേഖരിച്ച് സൂക്ഷിക്കണം. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കേസെടുക്കും. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം ഏർപ്പെടുത്തും.