covid
കൊവിഡ് നിയന്ത്രണ നിരീക്ഷണത്തിന് ഡ്രോൺ പറത്താൻ ഒരുങ്ങി വടകര സി.ഐ സുശാന്ത്

ആൾക്കൂട്ട നിയന്ത്രണത്തിനായി പൊലീസ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തി

വടകര: ജില്ലയിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വടകരയിൽ നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആൾക്കൂട്ട നിയന്ത്രണത്തിനായി പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും ചെയ്തു. നേരത്തെ കൊറോണ ആരംഭകാലത്ത് ഡ്രോൺ നിരീക്ഷണം വ്യാപകമായി നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പൊലീസ് പൊതുജന ശ്രദ്ധക്കായി ലഘുലേഖകൾ വിതരണംചെയ്തിരുന്നു. വടകര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പൊലീസ് ഡ്രോൺ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷണത്തിന് സി.ഐ സുശാന്ത് കെ.എസ്, എ.എസ്. ഐ സുനിൽ കുമാർ, എന്നിവർ നേതൃത്വം നൽകി. വടകര ടൗണിലെ വ്യാപാരി വ്യവസായി , ബസ് ഓപ്പറേറ്റേഴ്സ് , ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്, ചുമട്ട് തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം സ്റ്റേഷനിൽ വിളിച്ചു ചേർത്തു. നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 110 പേരുടെ പേരിൽ കേസെടുക്കുകയും ചെയ്തു