മുക്കം: മലയോര മേഖലയിൽ കൊവിഡ് രൂക്ഷമായതോടെ പരിശോധന കൂട്ടാനും നിയന്ത്രണം കർശനമാക്കാനും തീരുമാനം. തിരുവമ്പാടി പഞ്ചായത്തിലും മുക്കം നഗരസഭയിലും സ്ഥിതി ഭീതിതമായി തുടരുകയാണ്. തിരുവമ്പാടിയിൽ 58 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 28 പേർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗ വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് അസി. കളക്ടർ ശ്രീധന്യ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കുന്നതിന് പഞ്ചായത്ത് കണ്ടെത്തിയ കെട്ടിടം അവർ സന്ദർശിച്ചു. 130 കിടക്കകൾ ഒരുക്കാൻ സൗകര്യമുള്ള കെട്ടിടമാണ് പഞ്ചായത്ത് കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, സെക്രട്ടറി ബിപിൻ ജോസഫ്, അസി.സെക്രട്ടറി മനോജ് എന്നിവർ അസി.കളക്ടറെ അനുഗമിച്ചു. തിരുവമ്പാടി യു.പി.സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് പരിശോധന ക്യാമ്പും അസി.കളക്ടർ സന്ദർശിച്ചു. മുക്കം നഗരസഭയിൽ ഇന്നലെ 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുക്കം സി.എച്ച്.സിയിലും സ്വകാര്യ ആശുപത്രികളിലും നടത്തിയ പരിശോധനയിലാണ് 37 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു. മുക്കം ടൗൺ ഉൾപ്പെടുന്ന വാർഡിലും ചേന്ദമംഗലൂരിലുമാണ് കൂടുതൽ രോഗികൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 കേന്ദ്രങ്ങളിൽ മെഗാ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ പറഞ്ഞു.