പേരാമ്പ്ര : ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സൈറ്റ് സന്ദർശിക്കുന്ന പുതിയ പഠനസംഘം കോട്ടൂർ ഗ്രാമപഞ്ചായത്തിനേയും ഖനനവിരുദ്ധ ആക്ഷൻ കൗൺസിലിനേയും ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

ആദ്യം സ്ഥലം സന്ദർശിച്ച സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയിലെ രണ്ട് അംഗങ്ങൾ ഗ്രാമ പഞ്ചായത്തിനേയോ സമരസമിതിയേയോ അറിയിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത് .
ചെങ്ങോടുമലക്കു ചുറ്റുമുളള ആറ് ഗ്രാമ സഭകൾ ക്വാറിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധ സംഘവും ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സംഘവും ചെങ്ങോടുമലയിൽ ഖനനം നടന്നാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചെങ്ങോടുമലയുടെ പരിസ്ഥിതി പ്രാധാന്യം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തും സമരസമിതിയും വിവിധ രാഷ്ട്രീയ പാർട്ടികളും പഠനസംഘത്തിന് കത്തുനൽകാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. പി. ഉഷ, എം. സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ഷാജു, കെ. കെ. അബൂബക്കർ, എസ്. എൽ. കിഷോർ, എം. പി. അസ്സൻകോയ, കെ. വി. സത്യൻ, എം. ചന്ദ്രൻ, കെ. കെ. ബാലൻ, സി. എച്ച്. സുരേന്ദ്രൻ, എൻ. ആർ. ശ്രീജിത്ത്, സമരസമിതി നേതാക്കളായ കല്പകശ്ശേരി ജയരാജൻ, ചീനിക്കൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.