hospital

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം അതിതീവ്രമായതോടെ കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയതായി ജില്ല കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു. ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ ഐ.സി.യു ബീച്ച് ആശുപത്രിയിലെയും കോഴിക്കോട് മെയ്‌ത്ര ആശുപത്രിയിലെയും വിദഗ്ദരുടെ സഹായത്തോടെ പ്രവർത്തിക്കും. ഓൺലൈൻ ടെലി കൺസൾട്ടിംഗ് ഉപയോഗപ്പെടുത്തും. പൊതുജനങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ ജില്ലാ ആശുപത്രികൾ ,താലൂക്ക് ആശുപത്രികൾ , മറ്റ് പ്രധാനപ്പെട്ട ആശുപത്രികൾ എന്നിവിടങ്ങളിൽ കൊവിഡ് ബാധിതരെ ചികിത്സിക്കാൻ ബെഡുകളും ഓക്‌സിജൻ സൗകര്യവും സജ്ജമാക്കി. ആശുപത്രികളിലെ 15 ശതമാനം ബെഡുകൾ കൊവിഡ് ബാധിതർക്കായി മാറ്റിവെക്കും. ബെഡുകളും ഓക്‌സിജൻ സിലിണ്ടറുകൾ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പുവരുത്തണമെന്ന് കളക്ടർ അറിയിച്ചു.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ ആരംഭിക്കേണ്ടതും കിടത്തി ചികിത്സ നൽകുന്നതിനായി കിടക്കകളുടെ എണ്ണം ഐ.സി.യു ഉൾപ്പെടെ 25 ശതമാനം മാറ്റിവയ്ക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ഐ.സി.യു, ജനറൽ ബെഡുകളുടെ വിവരങ്ങൾ കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്തണം.
കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും. ഏതുസമയവും വിളിക്കാൻ കഴിയുന്ന മൊബൈൽ നമ്പർ പ്രദർശിപ്പിക്കും. ഡി.പി.എം.എസ്.യു നോഡൽ ഓഫീസർ ഡോ. ലതിക പ്രവർത്തനം ഏകോപിപ്പിക്കും. തദ്ദേശ ഭരണസ്ഥാപനങ്ങൾ 50-100 ബെഡുകളോടുകൂടിയ എഫ്.എൽ.ടി.സികൾ ആരംഭിക്കേണ്ടതും താലൂക്ക് തല ഇൻസിഡന്റ് കമാൻഡർമാരുടെ നിർദ്ദേശ പ്രകാരം സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.