കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ നഗരം ഏതാണ്ട് ഹർത്താലിന്റെ അവസ്ഥയിലായി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ, അത്യാവശ്യകാര്യങ്ങൾക്ക് നഗരത്തിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു.
നഗരത്തിലേക്കുള്ള കവാടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ പരിശോധിച്ചു. അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൊലീസ് നിർദ്ദേശിച്ചു. അറുപത് കഴിഞ്ഞവർക്കും കുട്ടികൾക്കും ചികിത്സയ്ക്കല്ലാതെ യാത്ര അനുവദിക്കുന്നില്ല. ബീച്ചിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു.
നിവന്ധന ലംഘിച്ച് സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരുമായി എത്തിയ ബസ്സുകൾക്കെതിരെ നടപടി സ്വീകരിച്ചു. കൂടുതലുള്ള യാത്രക്കാരെ ഇറക്കിയ ശേഷം പൊലീസ് ബദൽ സംവിധാനം ഒരുക്കി.
മാസ്ക് ധരിക്കാത്തവരെയെന്ന പോലെ കൃത്യമായ രീതിയിൽ ധരിക്കാത്തവരെയും പിടികൂടി പിഴ ഈടാക്കി. നിയമലംഘനം ആവർത്തിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പ് കൂടി നൽകിയാണ് ഇത്തരക്കാരെ വിട്ടത്.
സ്വകാര്യ ബസുകൾ പൊതുവെ കുറവായിരുന്നെങ്കിലും ഇന്നലെ പി.എസ്.സി പരീക്ഷ എഴുതാനിറങ്ങിയവർക്ക് അങ്ങനെ പ്രയാസം നേരിട്ടില്ല.