ഫറോക്ക്: ഒരു വീട്ടമ്മയുടെ ധീരമായ ഇടപെടലിൽ ബാക്കിയായത് കത്തിച്ചാമ്പലാകേണ്ടിയിരുന്ന വീട്. ഫറോക്ക് പാണ്ടിപ്പാടം കയർ സൊസൈറ്റിക്കു സമീപം അരുവാരത്തൊടിയിൽ
പുത്തൂരി ഷൈനിയാണ് അയൽവീടിനെ ചാരമാകാതെ നോക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാട്ടുപുറത്ത് പുഷ്പവല്ലിയുടെ വീടിനകത്ത് തീയാളുന്നതായി അയൽവാസിയായ ഗിരീഷ് പറയുന്നത് . ഓടുമേഞ്ഞ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച വിറകിൽ തീപിടിക്കുകയായിരുന്നു. ഓടിയെത്തിയ ഷൈനി ഒരു നിമിഷം പോലും ആലോചിച്ചില്ല, കുടിവെള്ള ടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ച് ജനാല വഴി അടുക്കളയിലേക്ക് വെള്ളം ചീറ്റിച്ചു. ഇതിനിടെ സമീപവാസികളായ കൊണ്ടോൻ ബിന്ദു, കുഞ്ഞമ്മു, കൈതപ്പാടം ബീവി, മഞ്ജുള, ധന്യ പ്രബീഷ്, ശശി എന്നിവരും ഓടിയെത്തി. അര മണിക്കൂർ നേരത്തെ പരിശ്രമത്തിലൂടെ തീയണച്ചപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. തീപിടിക്കുന്ന നേരത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉടമയായ പുഷ്പവല്ലി കയർ സൊസൈറ്റിയിൽ ജോലിക്കു പോയിരുന്നു. രാവിലെ ഭക്ഷണം പാചകം ചെയ്ത അടുപ്പിൽ നിന്ന് വിറകു കൂട്ടത്തിലേക്ക് തീ പടർന്നതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
കൂലിപ്പണിക്കാരനായ ഷാജിയാണ് ഷൈനിയുടെ ഭർത്താവ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ഗോപിക ഏക മകളാണ്. കരുവൻതുരുത്തി വില്ലേജ് ദ്രുത കർമ്മ സേനയിലെ അംഗമാണ് ഷൈനി . അവിടെ നിന്നു കിട്ടിയ പരിശീലനമാണ് ധൈര്യം നൽകിയതെന്ന് അവർ പറഞ്ഞു. കരുവൻതുരുത്തി വില്ലേജ് ഓഫീസർ കെ സദാശിവൻ ഷൈനിയെ അഭിനന്ദിച്ചു. നിരവധി പേരാണ് ഷൈനിക്ക് അഭിനന്ദനവുമായി വീട്ടിലെത്തുന്നത്.