കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിക്ക് സമീപം കോരങ്കണ്ടി റോഡിൽ അടച്ചിട്ട വീട്ടിൽ മോഷണം . പറക്കുന്നത്ത് തടായിൽ സഫീറിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു വീട്ടിൽ പോയി പുലർച്ചെ തിരിച്ചു വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച മുപ്പതിനായിരം രൂപ കവർന്നു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. തൊട്ടടുത്ത വീട്ടിലും കവർച്ചാ ശ്രമം നടന്നു. ഇവിടെയും വീട്ടിൽ ആളില്ലായിരുന്നു. കുന്ദമംഗലം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീടും പരിസരവും പരിശോധന നടത്തി.