കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഓക്‌സിജൻ ഉത്പാദകരുടേയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചു ചേർത്ത് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സ്ഥിതി വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്‌സിജൻ സിലിൻഡറുകൾ എത്തിക്കാനുളള ശേഷിയുണ്ടെന്ന് ഉത്പാദകരും വിതരണക്കാരും ഉറപ്പു നൽകി. മലപ്പുറം ചേളാരിയിലും കണ്ണൂരും പ്രവർത്തിക്കുന്ന രണ്ട് ഉത്പാദന യൂണിറ്റുകളും ജില്ലയിൽ തന്നെയുളള രണ്ട് ഫില്ലിംഗ് യൂണിറ്റുകളുമാണ് ജില്ലയിലെ സർക്കാർ , സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജൻ സിലിൻഡറുകൾ എത്തിക്കുന്നത്. യൂണിറ്റുകൾക്ക് ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടാവുമെന്ന് കളക്ടർ പറഞ്ഞു. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.എ. നവീൻ പങ്കെടുത്തു.