മുക്കം: പ്രതിരോധങ്ങളെ മറികടന്ന് കൊവിഡ് വ്യാപിക്കുമ്പോഴും പരിശോധനയും പ്രതിരോധ വാക്സിൻ വിതരണവും കുറ്റമറ്റ നിലയിൽ നടത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കുന്നില്ലെന്ന് ആക്ഷേപം. ക്യാമ്പുകൾക്ക് സ്ഥലം ഒരുക്കുന്നതു മുതൽ ആളുകളെ എത്തിക്കുന്നതിലും ക്യാമ്പ് നടത്തിപ്പിന് ആവശ്യമായ ജീവനക്കാരെ ഏർപ്പാട് ചെയ്യുന്നതിലുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം തുടരുന്നതായാണ് പരാതി.

നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധന ക്യാമ്പുകളിലും വാക്സിൻ വിതരണ കേന്ദ്രങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകൾ പങ്കെടുത്തത്.നിശ്ചിത അകലം പാലിച്ച് നിൽക്കുന്നതിനുള്ള സംവിധാനം പോലും ഏർപെടുത്തിയിരുന്നില്ല. ഈ കേന്ദ്രങ്ങളിലൊന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

കൊവിഡ് നിയന്ത്രണ പ്രതിരോധ നടപടികൾ കാര്യക്ഷമമായി നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാൽ മുക്കം നഗരസഭ സെക്രട്ടറിക്കെതിരെ പൊതു പ്രവർത്തകനായ ദാമോദരൻ കോഴഞ്ചേരി ഇതിനോടകം ദുരന്തനിവാരണ സമിതിക്ക് പരാതി നൽകി.

മുൻപ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ആർആർടികളെ രാഷ്ട്രീയ താത്പര്യം പരിഗണിച്ച് മാറ്റി നിയമിച്ചത് വൻ വീഴ്ചയാണ് . കാരശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ വീട്ടമ്മ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടതിനെ തുടർന്ന് 10 ദിവസം ചികിത്സയിൽ കഴിഞ്ഞിട്ടും ആർ. ആർ. ടി മാരോ പഞ്ചായത്തംഗമോ വിളിച്ച് അന്വഷിക്കുക പോലും ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. കാരശ്ശേരിയിൽ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിണക്കുറിച്ചാലോചിക്കാൻ ഇന്ന് രാവിലെ 11 മണിക്ക് കാരശേരി ബാങ്ക് ഹാളിൽ സർവ്വകക്ഷി യോഗം ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു. മുക്കം നഗരസഭയിൽ വാക്സിൻ വിതരണത്തിന് ഇന്ന് അഞ്ചിടത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. മണാശ്ശേരി സ്കൂൾ, അഗസ്ത്യൻ മുഴി സ്കൂൾ, കച്ചേരി സ്കൂൾ, ചേന്ദമംഗല്ലൂർ സ്കൂൾ, കുറ്റിപ്പാലയ്ക്കൽ മദ്രസ്സ എന്നിവിടങ്ങളിൽ നടത്തുന്ന ക്യാമ്പുകൾ രാവിലെ 9 മുതൽ രണ്ടു മണി വരെ പ്രവർത്തിക്കും.