കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതിനു പിറകെ പരസ്യനികുതി ഇല്ലാതായതോടെ വരുമാനത്തിലുണ്ടായ വലിയ ഇടിവ് നികത്താൻ കോർപ്പറേഷൻ ബദൽ പദ്ധതി നടപ്പാക്കും. നഗരപരിധിയിൽ വെക്കുന്ന പരസ്യങ്ങൾക്ക് ലൈസൻസ് ഫീ ഏർപ്പെടുത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് ഉടൻ തയ്യാറാകുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
നേരത്തെ പരസ്യനികുതിയ്ക്കൊപ്പമുണ്ടായിരുന്ന തറവാടകയും പെർമിറ്റ് ഫീസും മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. വരുമാനം വർദ്ധിപ്പിക്കാൻ അടിയന്തര നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
മൂന്ന് വർഷത്തിലേറെയായി 72 ലക്ഷത്തിന്റെ വരുമാന നഷ്ടമാണ് നേരിടുന്നതെന്നും ഇത് പരിഹരിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും ചൂണ്ടിക്കാണിച്ച് മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ. മൊയ്തീൻകോയ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. മറ്റ് കോർപ്പറേഷനുകൾ പരസ്യം വഴിയുള്ള വരുമാനം നഷ്ടപ്പെടാതിരിക്കാൻ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കാനാണ് കോർപ്പറേഷൻ ഇക്കാര്യത്തിൽ ഇടപെടാത്തതെന്ന പരാതി ജനങ്ങൾക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷന് വരുമാനം ലഭിക്കാത്ത അവസ്ഥ വരുമ്പോൾ ചിലർ ഇതു വ്യക്തിപരമായ നേട്ടത്തിനുള്ള പോംവഴിയാക്കി മാറ്റുകയാണ്. ഭരണകക്ഷിയിലെ യുവനേതാവിന്റെ താത്പര്യമാണ് ഇതിനു പിന്നിൽ. പാളയം സബ് വേയിലുൾപ്പടെ പലയിടത്തും പരസ്യ ബോർഡുകൾ ഉയരുന്നുണ്ടെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ജി.എസ്.ടി വന്ന ശേഷം മറ്റ് ഏജൻസികൾ പരസ്യനികുതി പിരിക്കുന്നെന്ന ആരോപണം ശരിയല്ലെന്ന് എം.സി. അനിൽകുമാർ പറഞ്ഞു. പാർക്കുകൾ സംരക്ഷിക്കാമെന്നും തെരുവ് വിളക്കുകൾ സ്ഥാപിക്കാമെന്നെല്ലാമുള്ള നിബന്ധനകളുമായി കരാറു നേടുന്നവർ ഇക്കാര്യങ്ങൾ ചെയ്യുന്നില്ലെന്നതാണ് വസ്തുതയെന്ന് എൻ.സി. മോയിൻകുട്ടി, പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത എന്നിവർ ചൂണ്ടിക്കാട്ടി.
ജില്ലാ ഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നിലെ അപാകത പരിഹരിക്കുന്നതിന് മേയർ ഇടപെടണമെന്ന് പി. ദിവാകരൻ ശ്രദ്ധ ക്ഷണിച്ചു. കൊവിഡ് വ്യാപനം കുറവുള്ള പ്രദേശങ്ങളെ പോലും കണ്ടെയ്ൻമെന്റ് സോണാക്കി മാറ്രുന്നുണ്ട്.
ചക്കോരത്തുകുളത്തെ റോട്ടറി യൂത്ത് സെന്റർ സ്ഥലം കുട്ടികൾക്കുള്ള പാർക്കിന്റെ മറവിൽ ഉപയോഗപ്പെടുത്തുന്നത് തടയാൻ നടപടി വേണമെന്നും സ്ഥലം തിരിച്ചുപിടിക്കണമെന്നും അനുരാധ തായാട്ട് ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2004-ലാണ് റോട്ടറി യൂത്ത് സെന്റർ ഇവിടെ പാർക്ക് തുടങ്ങിയത്. എന്നാൽ, പിന്നീട് പാർക്കിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയായിരുന്നു. സ്ഥലം റോട്ടറി ക്ലബിന്റെ നിയന്ത്രണത്തിലുമായി. സ്ഥലം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കേസ് കൊടുത്തിരുന്നു. ക്ലബ് സ്റ്റേ സമ്പാദിച്ചതോടെ സ്തംഭനാവസ്ഥ തുടരുകയാണ്. ഏതായാലും സ്ഥലം തിരിച്ചു പിടിക്കാൻ കൂട്ടായ പരിശ്രമം നടത്തുമെന്ന് മേയർ അറിയിച്ചു.
അതേസമയം, റോട്ടറി ക്ലബ് നല്ല രീതിയിലാണ് പാർക്ക് നടത്തുന്നതെന്ന ഡോ.പി.എൻ. അജിതയുടെ പരാമർശം വിമർശനത്തിനിടയാക്കി. റോട്ടറി ക്ലബ്ബിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കേണ്ടതെന്ന് എൻ.സി. മോയിൻകുട്ടി പറഞ്ഞു. അജിതയുടെ പരിചയക്കുറവാണ് ഈ പരാമശത്തിന് കാരണമെന്ന് മേയർ പറഞ്ഞു.
കോർപ്പറേഷൻ ഓഫീസിൽ നവീകരണത്തിന്റെ ഭാഗമായി 172 കമ്പ്യൂട്ടറുകളും 109 ലാപ് ടോപ്പുകളും വാങ്ങിയതായി എസ്.കെ അബൂബക്കറിന്റെ ചോദ്യത്തിന് മറുപടിയായി മേയർ അറിയിച്ചു. പഴയ റാക്കുകളും അലുമിനിയം ഫർണിച്ചറുകളും ബേസ്‌മെന്റിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിലത് സോണൽ ഓഫീസുകളിലേക്കു മാറ്റിയിട്ടുണ്ട്.
എന്നാൽ, ഈ കണക്ക് ശരിയല്ലെന്നായി അബൂബക്കർ. കൂടുതൽ വിശദീകരണം വേണമെങ്കിൽ അടുത്ത യോഗത്തിൽ ഉന്നയിക്കാമെന്ന് മേയർ വ്യക്തമാക്കി.
കോരപ്പുഴ പ്രദേശത്തെ മാലിന്യപ്രശ്നവും കുടിവെള്ളപ്രശ്നവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം. മനോഹരൻ ശ്രദ്ധ ക്ഷണിച്ചു. ഇത് പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് മേയർ പറഞ്ഞു. ബേപ്പൂരിൽ നിന്ന് പോയ ബോട്ട് അപകടത്തിൽ പെട്ട് സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും നഷ്ടപരിഹാരം നൽകാൻ ഇടപെടണമെന്ന് വി.കെ. മോഹൻദാസ് ശ്രദ്ധ ക്ഷണിക്കലിലൂടെ ഉന്നയിച്ചു. ഗൗരവമുള്ള വിഷയമായതിനാൽ ഇത് കോർപ്പറേഷന്റെ പ്രമേയമായി സർക്കാരിനെ ധരിപ്പിക്കാമെന്ന് മേയർ പറഞ്ഞു.
ബീച്ചിലെയും സൗത്ത് ബീച്ചിലെയും അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി എടക്കാൻ തീരുമാനിച്ചു. ടി. സുരേഷ്‌കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനെ തുടർന്നാണ് നടപടി. മഴക്കാലം തുടങ്ങുന്നതിന് മുമ്പായി റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റണെന്ന് എം.സി. സുധാമണി ആവശ്യപ്പെട്ടു.
കോർപ്പറേഷൻ ജീവനക്കാർക്ക് മേയ് ഒന്നു മുതൽ യൂണിഫോം നിർബന്ധമാക്കുമെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. പി. ദിവാകരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ടാഗോർ സെന്റിനറി ഹാളിലാണ് ഇന്നലെ കൗൺസിൽ യോഗം ചേർന്നത്.