കോഴിക്കോട്: കോഴിക്കോട് സൗത്ത്, നോർത്ത് എം.എൽ.എ മാരെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. കോർപ്പറേഷൻ പരിധിയിലെ ഏക സർക്കാർ കലാലയമായ ആർട്സ് കോളേജിന്റെ നവീകരണവുമായി ബന്ധപ്പെട്ട പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് എം.എൽ.എ മാരായ ഡോ.എം.കെ. മുനീർ, എ.പ്രദീപ്കുമാർ എന്നിവരെ ചൊല്ലി എൽ.ഡി.എഫ് - യു.ഡി.എഫ് അംഗങ്ങൾ വാക്പോര് നടത്തിയത്. കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അധികാരികളോട് ആവശ്യപ്പടുന്നു എന്ന പ്രമേയം സി.പി.എമ്മിലെ ടി.കെ.ഷമീനയാണ് അവതരിപ്പിച്ചത്. കോളേജിന്റെ ദുരവസ്ഥ പ്രദേശത്തെ കൗൺസിലർ കൂടിയായ ബി.ജെ.പി യുടെ രമ്യ ചൂണ്ടിക്കാണിച്ചു. പിന്നീട് സംസാരിച്ച യു.ഡി.എഫിലെ കെ. നിർമ്മല സർക്കാരിനെ കുറ്രപ്പെടുത്തി സംസാരിച്ചതോടെയാണ് ചർച്ച ബഹളത്തിലേക്ക് മാറിയത്.

കോളേജിന്റെ വികസനം എം.കെ. മുനീർ മുടക്കിയെന്ന ആരോപണവുമായി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്.ജയശ്രീ രംഗത്തെത്തിയതോടെ പ്രതിപക്ഷ - ഭരണപക്ഷ അംഗങ്ങൾ പരസ്പരം ആരോപണം ചൊരിഞ്ഞ് ഏറ്റുമുട്ടി. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യമല്ല, അക്കാഡമിക് നിലവാരമാണ് ഉയരേണ്ടതെന്നും എ. പ്രദീപ്കുമാറിന്റെ മണ്ഡലത്തിലെ നടക്കാവ് സ്കൂളിനേക്കാൾ വിജയശതമാനം എം.കെ. മുനീറിന്റെ മണ്ഡലത്തിലെ ചാലപ്പുറം ഗേ‌ൾസ് സ്കൂളിലാണെന്നും കെ. മൊയ്തീൻ കോയ പറഞ്ഞു.

സ്വകാര്യവ്യക്തികളുടെ പണം സ്വീകരിച്ച് നടക്കാവ് സ്കൂൾ നവീകരിച്ചതും കിഫ്ബി വഴിയുള്ള സ്കൂൾ നവീകരണവുമെല്ലാം വാദപ്രതിവാദങ്ങളിൽ നിറഞ്ഞു. കൂട്ടായി പ്രവർത്തിക്കുയാണ് വേണ്ടതെന്നും നല്ല ഉദ്ദേശ്യത്തോടെയുള്ള പ്രമേയത്തിൽ രാഷ്ട്രീയം കലർത്തിയത് പ്രതിപക്ഷത്തിരിക്കുന്നവരാണെന്നും ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ആരോപിച്ചു. പ്രമേയം പിന്നീട് ഒറ്റക്കെട്ടായി പാസാക്കി. ടി. രനീഷ്, കെ.സി ശോഭിത എന്നിവരും സംസാരിച്ചു.

കോവൂർ എം.എൽ.എ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും ലോ കോളേജിലെ സായാഹ്ന ക്ലാസ് പുനരാരംഭിക്കണമെന്ന പ്രമേയവും കൗൺസിൽ പാസാക്കി.