മുക്കം: കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം വ്യാപിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി ആരംഭിച്ചതോടെ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്കേറുന്നു. കുത്തിവയ്പിനോട് മുഖം തിരിച്ച് മാറി നിന്നവരും കൊവിഡിന്റെ രണ്ടാം വരവിന്റെ ഗൗരവം ഉൾക്കൊണ്ട് വാക്സിൻ സ്വീകരിക്കാൻ എത്തി തുടങ്ങിയിട്ടുണ്ട്. ആശുപത്രികൾക്കു പുറമെ സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കിയാണ് വാക്സിൻ വിതരണം നടത്തുന്നത്.
മുക്കം നഗരസഭയിൽ ഇന്നലെ സി.എച്ച്.സി.ക്കു പുറമെ അഞ്ചു കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണംനടത്തിയത്. ആറിടത്തുമായി 2247 പേർ വാക്സിൻ സ്വീകരിച്ചു. മണാശേരി സ്കൂളിൽ നടത്തിയ ക്യാമ്പിൽ 800 ൽ കൂടുതൽ പേർ എത്തിയെങ്കിലും തിരക്കു കാരണം കുറച്ചു പേരെ മറ്റു കേന്ദ്രങ്ങളിലേയ്ക്കു മാറി. 690 പേരാണ് ഇവിടെ നിന്ന് കുത്തിവയ്പ്പെടുത്തത്.അഗസ്ത്യൻമുഴി സൂളിൽ 431 പേർക്കും മുക്കം സി.എച്ച്.സിയിൽ 151 പേർക്കുമാണ് വാക്സിൻ നൽകിയത്. ചേന്ദമംഗലൂർ സ്കൂളിൽ 530 പേർ റജിസ്റ്റർ ചെയ്തങ്കിലും 411 പേരാണ് കുത്തിവെപ്പെടുത്തത്. കച്ചേരി എൽ.പി.സ്കൂളിൽ 270 പേരും കുറ്റിപ്പാല മദ്രസ്സയിൽ 294 പേരും വാക്സിൻ സ്വീകരിച്ചു. വിവിധ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള നഴ്സുമാരും സഹായത്തിനെത്തി. നഗരസഭയുടെ ഹെൽത്ത് ഇൻസ്പക്ടറും ജെ.എച്ച്.ഐമാരും ക്യാമ്പ് സന്ദർശിക്കാൻ എത്തിയിരുന്നു .ഇന്ന് അഞ്ചു കേന്ദ്രങ്ങളിൽ 400 വീതമാളുകൾക്ക് കുത്തിവയ്പ്പ് നൽകാനുള്ള വാക്സിൻ സ്റ്റോക്കുണ്ടെന്ന് അധികൃതർ അറിയിച്ചു.