bus

കോഴിക്കോട്: സീറ്റിൽ മാത്രം യാത്രക്കാരെന്ന നിയന്ത്രണം മോട്ടോർ വാഹന വകുപ്പ് കർശനമാക്കിയതോടെ ഫോറം ജി സമർപ്പിച്ച് സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ ഒരുങ്ങുന്നു. ഫോറം ജി നിബന്ധനയിൽ സർവീസ് നിർത്തിവയ്ക്കുന്ന ബസുകൾക്ക് നികുതി, ഇൻഷുറൻസ് തുടങ്ങിയവ അടക്കേണ്ടതില്ലെന്ന സൗകര്യമാണ് ഉടമകൾ ഇത്തരം നിലപാടിലെത്താൻ കാരണം. നിലവിൽ നികുതിയിളവിലാണ് ബസുകൾ സർവീസ് നടത്തുന്നത്. മേയ് മാസം ഇളവ് അവസാനിക്കുകയും ചെയ്യും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരു വർഷത്തോളമായി ബസുകൾക്ക് നികുതി ഈടാക്കാറില്ല.

1260 ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിൽ ആദ്യഘട്ട കൊവിഡിനുശേഷം 450ൽ താഴെ ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ലോക്ക്ഡൗൺ കാലത്ത് സർവീസ് നിർത്തിയ 400 ഓളം ബസുകൾ ഇതുവരെ ഓടിയിട്ടില്ല. വർഷംനീണ്ട പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ബസ് ഉടമകൾ വെട്ടിലായത്.

ഒരു വർഷത്തിനകം ഡീസൽ വിലയിൽ 20 രൂപയുടെ വർധനവാണ് ഉണ്ടായതെന്ന് ബസ് ഉടമകൾ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ 66 രൂപയായിരുന്ന ഡീസൽ വില 86 രൂപയായി ഉയർന്നു. ഈ സാഹചര്യത്തിൽ സീറ്റിൽ മാത്രം യാത്രക്കാരെന്ന വ്യവസ്ഥയിൽ സർവീസ് പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്. പരീക്ഷാ കാലമായതിനാൽ യാത്രക്കാരായി കൂടുതലും വിദ്യാർത്ഥികളാണ്. കോളേജുകളുടെയും സ്‌കൂളുകളുടെയും മുന്നിൽ എത്തുമ്പോഴേക്കും സിറ്റിംഗ് കപ്പാസിറ്റി നിറയും. സാമൂഹ്യ അകലം പാലിച്ച് കുറച്ചു പേരെ നിറുത്തി കൊണ്ടുപോകാൻ കളക്ടറുടെ അനുവാദം ഉണ്ടെങ്കിലും വിട്ടുവിഴ്ചയില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതുമൂലം ഡീസിലിന് വേണ്ട തുക പോലും പല ദിവസങ്ങളിലും ലഭിക്കുന്നില്ലെന്നാണ് പരാതി.

ജില്ലയിൽ കൂടുതൽ സർവീസ് നടക്കുന്ന കുറ്റ്യാടി, കോഴിക്കോട്, ബാലുശ്ശേരി, കോഴിക്കോട് റൂട്ടുകളിൽ 45 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രക്കാർ കുറയുന്നതിനാൽ പലപ്പോഴും ട്രിപ്പ് മുടങ്ങുകയാണ്. നഗരത്തിൽ 200 ബസുകളുടെ സ്ഥാനത്ത് 140 എണ്ണമായി ചുരുങ്ങി. ഗ്രാമീണ മേഖലയിലേയ്ക്ക് സർവീസ് നടത്തുന്നവയാണ് ജില്ലയിലെ ഭൂരിഭാഗം ബസുകളും. ഇവയ്ക്ക് രാവിലെയും വൈകീട്ടും മാത്രമാണ് പലപ്പോഴും യാത്രക്കാരെ ലഭിക്കുക. ഈ സമയത്ത് യാത്രക്കാരെ ഇരുത്തി മാത്രം സർവീസ് നടത്തുന്നത് നഷ്ടമാണ്. കഴിഞ്ഞ ദിവസം നിബന്ധന ലംഘിച്ചെന്ന് കാണിച്ച് കോഴിക്കോട് റൂട്ടിലോടുന്ന രണ്ട് ബസുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

' കൊവിഡ് നിയന്ത്രണം ഓരോ തവണ കർശനമാക്കുമ്പോഴും ബാധിക്കുന്നത് സ്വകാര്യ ബസ് മേഖലയെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ വ്യവസായം ഇല്ലാതാകുന്ന സ്ഥിതി വരും. മാത്രമല്ല ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കാൻ അസോസിയേഷൻ തീരുമാനിച്ചില്ലെങ്കിലും ബസ് ഉടമകൾ സ്വന്തം തീരുമാനത്തിന് സർവിസ് നിർത്തുന്ന അവസ്ഥയാണ്" -

തുളസീദാസ്,

ജനറൽ സെക്രട്ടറി,

സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ