കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും കൊവിഡ് മാസ് ടെസ്റ്റിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കും. ചീഫ് സെക്രട്ടറിയുടെ നിർദേശത്തെത്തുടർന്നാണിത്. 40 : 60 എന്ന അനുപാതത്തിലാണ് ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നത്.
എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഈ രണ്ട് ദിവസങ്ങളിൽ നൂറ് ടെസ്റ്റ് വീതം നടത്തും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം 200 ടെസ്റ്റ് വീതവും താലൂക്ക് ആശുപത്രികളിൽ 300 ടെസ്റ്റ് വീതവും സർക്കാർ ത്വക്ക് രോഗ ആശുപത്രിയിൽ 100 ടെസ്റ്റ് വീതവും ചെയ്യും.
ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ദിവസം 400 ടെസ്റ്റ് വീതവും സർക്കാർ മെഡിക്കൽ കോളേജിൽ 500 വീതവും ഐ.എം.സി.എച്ചിൽ 300 വീതവും ടെസ്റ്റ് നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ 200 ടെസ്റ്റ് വീതം ചെയ്യും.
മെഡിക്കൽ ഓഫീസർമാരാണ് ക്യാമ്പിന്റെ ചുമതല നിർവഹിക്കുക. മാസ് ടെസ്റ്റിംഗ് ക്യാമ്പിന് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ മൊബൈൽ ടീം ടെസ്റ്റിംഗ് നടത്തും. ചന്തകൾ, പൊതുസ്ഥലങ്ങൾ, ഡ്രൈവേഴ്‌സ് ഹബ്, ബസ് സ്റ്റാൻഡ്, ഹർബർ, മാളുകൾ, അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ മൊബൈൽ ടീം ടെസ്റ്റിംഗ് നടത്തും.
പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.പിയൂഷ് നമ്പൂതിരിപ്പാട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ കൊവിഡ് ടെസ്റ്റ് മഹായജ്ഞത്തിൽ 42,920 സാമ്പിളുകളാണ് പരിശോധിച്ചത്. ലക്ഷ്യമിട്ടത് 40,000 ടെസ്റ്റുകളായിരുന്നു.
ഇതുവരെ നടത്തിയത്
16,17,043 ടെസ്റ്റുകൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇതു വരെ നടത്തിയത് 16,17,043 പരിശോധനകൾ. ഇതിൽ 5,19,368 ആർ.ടി.പി.സി.ആർ ടെസ്റ്റുകളും 9,51, 657 ആന്റിജൻ ടെസ്റ്റുകളും ഉൾപ്പെടും.
കഴിഞ്ഞാഴ്ച ജില്ലയിൽ ദിവസം ശരാശരി 7,567 ടെസ്റ്റുകളാണ് നടത്തിയത്. ജില്ലയിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.19 ശതമാനമാണ്. ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടിയത് ഏപ്രിൽ 19നായിരുന്നു; 22.67 ശതമാനം.
ഒന്നാംഘട്ട വാക്‌സിൻ
എടുത്തത് 4,48,361 പേർ
ജില്ലയിൽ ഇതുവരെ 4,48,361 പേർ ഒന്നാംഘട്ട കോവിഡ് വാക്‌സിനും 68, 006 പേർ രണ്ടാംഘട്ട വാക്‌സിനും സ്വീകരിച്ചു. ആദ്യഘട്ട വാക്‌സിൻ എടുത്ത ആരോഗ്യ പ്രവർത്തകർ 48,234 പേരാണ്. 29,851 പേർക്ക് രണ്ടാംഘട്ട വാക്‌സിൻ നൽകി. 45 വയസ്സിന് മുകളിൽ പ്രായമുള്ള 3,57, 480 പേർ ഒന്നാംഘട്ട വാക്‌സിനും 20,374 പേർ രണ്ടാംഘട്ട വാക്‌സിനും സ്വീകരിച്ചു. കൊവിഡ് മുന്നണിപ്പോരാളികളിൽ 42, 647 പേർ ഒന്നാംഘട്ട വാക്‌സിനും 17,781 പേർ രണ്ടാംഘട്ട വാക്‌സിനുമെടുത്തിട്ടുണ്ട്.