കോഴിക്കോട് : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തുടരുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം കൊവിഡ് കരുതൽ നടപടികൾ കർശനമാക്കാൻ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു.
എസ്.എസ്.എൽ.സിക്ക് നാലും ഹയർ സെക്കൻഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്. ഓരോ വിദ്യാലയവും പരീക്ഷാനടത്തിപ്പിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കണം. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കണം ഇത്. തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എ യുടെയും സഹായത്തോടെ സുരക്ഷാ നടപടികൾ കർശനമാക്കും.
പരീക്ഷ എഴുതുന്ന കുട്ടികൾ വീട്ടിൽ നിന്നു പുറപ്പെടുന്നതു മുതൽ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തണം. സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കണം. സ്വന്തം വാഹനമുള്ള രക്ഷിതാക്കൾ ആ സൗകര്യം ഉപയോഗപ്പെടുത്തണം. സ്വന്തം വാഹനം ഇല്ലാത്തവർക്കായി സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. അവസാന ഘട്ടത്തിൽ മാത്രമേ പൊതുഗതാഗതം ഉപയോഗപ്പെടുത്താൻ പാടുള്ളൂ.
സാനിറ്റൈസർ, സോപ്പ്, വെള്ളം തുടങ്ങിയവ സ്‌കൂൾ പ്രവേശനകവാടത്തിൽ തന്നെ ഉറപ്പാക്കണം. തെർമൽ സ്‌കാനർ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയിൽ അലംഭാവമുണ്ടാവരുത്.
കുട്ടികളും പരീക്ഷാജോലിയിലുള്ളവരും മൂന്ന് ലെയറുള്ള മുഖാവരണം നിർബന്ധമായും ധരിക്കണം. ഇതില്ലാതെ വരുന്ന കുട്ടികൾക്ക് സ്‌കൂളിൽ നിന്നും മൂന്ന് ലെയറുള്ള മുഖാവരണം നൽകണം.
മുഖാവരണം, സാനിറ്റൈസർ തുടങ്ങിയവ വാങ്ങുന്നതിന് എസ്.എസ്.കെ യിൽ നിന്ന് ലഭ്യമായ സ്‌കൂൾ ഗ്രാന്റ് ഉപയോഗിക്കാം. മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എ യുടെയും പങ്കാളിത്തം ഉറപ്പാക്കണം.
പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടാവരുത്. സ്‌കൂൾ ഗ്രൗണ്ട്, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലെല്ലാം അധികൃതരുടെ ശ്രദ്ധയുണ്ടാകണം.
നിലവിലുള്ള പരീക്ഷാ സ്‌ക്വാഡിന് പുറമെ, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ എ.ഇ.ഒ, ബി.പി.സി, ഡയറ്റ് ഫാക്കൽറ്റി എന്നിവരടങ്ങുന്ന ഉപജില്ലാതല മോണിറ്ററിംഗ് ടീം സ്‌കൂളുകൾ സന്ദർശിക്കണം.
വിദ്യാഭ്യാസ ഉപഡയറക്ടർ, സമഗ്ര ശിക്ഷാ ഡി.പി.സി, ഡയറ്റ് പ്രിൻസിപ്പൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓർഡിനേറ്റർ, ഹയർ സെക്കൻഡറി - വി.എച്ച്.എസ്.സി. ജില്ലാ കോ ഓർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കും.