con

കോഴിക്കോട്: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ് നിർമ്മാണ മേഖല. നിർമ്മാണ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. കർഫ്യൂ പ്രഖ്യാപനവും വ്യാപാര രംഗത്തുണ്ടായ നിയന്ത്രണവും തൊഴിൽ സ്തംഭനം സ‌ൃഷ്ടിച്ചതോടെ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. ഇവരുടെ തിരിച്ചുപോക്ക് വ്യാപകമായാൽ നിർമ്മാണ, വ്യവസായ മേഖല പ്രതിസന്ധിയിലാകും. തൊഴിലാളി ക്ഷാമം രൂക്ഷമായാൽ നിർമ്മാതാക്കൾ ഉത്പാദനം പകുതിയാക്കി ലേബർ ചാ‌ർജ് കൂട്ടുമെന്നതിനാൽ സാധനങ്ങളുടെ വിലയും കുത്തനെ ഉയരും.

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ നിർമ്മാണ വസ്തുക്കൾക്ക് 50 മുതൽ 60 ശതമാനമാണ് വില വർധനയുണ്ടായത്. 50 രൂപ മുതൽ 80 രൂപ വരെ സിമന്റ് വില ഉയർന്നു. ലോക്ക് ഡൗണിന് മുമ്പ് 330 മുതൽ 370 രൂപ വരെ ഉണ്ടായിരുന്ന സിമന്റ് വില 450-500 രൂപ വരെയായി. കമ്പികൾക്കും വില കുതിക്കുകയാണ്. നേരത്തെ കിലോ 42രൂപയായിരുന്നെങ്കിൽ 70 മുതൽ 78 രൂപ വരെയാണ് കൂടിയത്. ഫസ്റ്റ് ക്വാളിറ്റി കമ്പിക്ക് 77 മുതൽ 78 രൂപ വരെയാണെങ്കിൽ സെക്കന്റ് ക്വാളിറ്റി കമ്പികൾക്ക് 68 രൂപ നൽകണം. സ്റ്റീൽ ഉൽപ്പന്നങ്ങളായ ഷീറ്റ്, ഐ സെക്ഷൻ തുടങ്ങിയവയുടെ വിലയും 30 ശതമാനത്തിന് മുകളിലാണ് വർധന. ഇലക്ട്രിക് മെറ്റീരിയലുകൾ, പൈപ്പുകൾ, പ്ലമ്പിംഗ് ഫിറ്റിംഗ്സുകൾ എന്നിവയുടെ വില 50-60 ശതമാനം വരെയാണ് ഉയർന്നത്. മെറ്റൽ, എം. സാന്റ്, പി.സാന്റ് തുടങ്ങിയ ക്വാറി ഉത്പ്പന്നങ്ങൾക്കും വില കുതിക്കുകയാണ്. ഉത്പ്പന്നങ്ങളുടെ വില ഉയർന്നതോടെ വീടുകൾ ഉൾപ്പെടെ കെട്ടിട നിർമ്മാണ ചെലവും 40 ശതമാനം ഉയർന്നു. കൊവിഡ് വ്യാപനം കുറഞ്ഞ ഘട്ടത്തിൽ 60 മുതൽ 65 ശതമാനം വരെയായിരുന്നു ഗ്രാമങ്ങളിലെ വീട് നിർമ്മാണം. ഇപ്പോഴത്തെ പ്രതിസന്ധി വീട് നിർമ്മാണത്തെയും സാരമായി ബാധിച്ചു. ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കരാറുകാരും.

''പതിയെ കരകയറി വന്ന നിർമ്മാണ മേഖല പ്രതിന്ധിയിലേക്കാണ് പോവുന്നത്. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും സാധന വില വർധനയും സാരമായി ബാധിക്കും'' -സി.എസ് വിനോദ് കുമാർ , ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ്

 ഭായിമാർ മടങ്ങുന്നു നാട്ടിലേക്ക്

ലോക്ക് ഡൗൺ ഭീതിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേയ്ക്ക് മടങ്ങി. കഴിഞ്ഞ വർഷം കൊവിഡ് രൂക്ഷമായപ്പോൾ ആദ്യം ജനതാ കർഫ്യൂവും പിന്നീട് രാത്രി കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതേ സാഹചര്യം ആവർത്തിച്ചാൽ നാട്ടിലേക്ക് പോകാനാവില്ലെന്ന ആശങ്കയിലാണ് തൊഴിലാളികളുടെ കൂട്ടപ്പലായനം. കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലേറെ തൊഴിലാളികളാണ് ട്രെയിനിലും റോഡ് മാർഗവും നാട്ടിലേക്ക് മടങ്ങിയത്. ലോക്ക് ഡൗണിന് മുമ്പ് 50, 000ത്തിലധികം തൊഴിലാളികളുണ്ടായിരുന്ന ജില്ലയിൽ 2000-5000 ത്തിനും ഇടയിലാണ് തൊഴിലാളികളുടെ എണ്ണം. ലോക്ക് ഡൗൺ കാലത്ത് ഇവരിൽ 90 ശതമാനവും സംസ്ഥാനത്ത് കുടുങ്ങിയിരുന്നു. ഇളവുകൾ വന്നതോടെ സ്‌പെഷ്യൽ ട്രെയിനുകളിലായിരുന്നു നാട്ടിലേക്കുളള മടക്കം. പോയവരിൽ പലരും തിരികെ എത്തിയതുമില്ല. നിർമ്മാണ-വ്യവസായ മേഖലകളിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളായതിനാൽ ഇവരുടെ തിരിച്ചുപോക്ക് പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമാക്കുന്നതിന് ഇടയാക്കും.