കോഴിക്കോട് : കുറ്റ്യാടി –കോഴിക്കോട് സംസ്ഥാന പാതയിലെ പുതിയപ്പുറം –കോട്ടൂർ റോഡിൽ പുതിയപ്പുറത്തുള്ള കുത്തനെയുള്ള വളവിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
കോട്ടൂർ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ചശേഷമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചത്.
അഞ്ചുപേരാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. അപകടമേഖലയുടെ വശം കെട്ടി മണ്ണിട്ട് ഉയർത്തി ഗതാഗതം സുഗമമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചത്.
ഉള്ള്യേരി – കുറ്റ്യാടി റോഡിന്റെ കിഫ്ബി പദ്ധതി പ്രകാരമുള്ള നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് കുന്നരംവള്ളിറോഡിലെ കാഴ്ച മറയ്കുന്ന വളവ് ഒഴിവാക്കി അപകട സാധ്യത കുറയ്ക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അപകടാവസ്ഥ ഒഴിവാക്കുന്നതിന് റോഡിന് ഇരുവശവും താമസിക്കുന്നവരുടെ സ്ഥലം വിട്ടുകിട്ടേണ്ടതുണ്ടെന്ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പുതിയപ്പുറത്തെ അപകടം ഒഴിവാക്കാൻ സ്ഥലമെടുക്കേണ്ട കാര്യമില്ലെന്ന് പരാതിക്കാരനായ ബിനീഷ് അത്തൂനി കമ്മീഷനെ അറിയിച്ചു. അപകടമേഖലയിൽ നൂറോളം മീറ്റർ മണ്ണിട്ട് നികത്തി റോഡ് ശാസ്ത്രീയമായി നവീകരിച്ചാൽ അപകടം ഒഴിവാക്കാൻ കഴിയുമെന്നും പരാതിക്കാരൻ അറിയിച്ചു. നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ കേസ് വീണ്ടും പരിഗണിക്കും.