കോഴിക്കോട്: ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്കിംഗ് നയം തിരുത്താൻ അധികൃതർ തയ്യാറാവണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്. തല തിരിഞ്ഞ ബാങ്കിംഗ് നയങ്ങളാണ് ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. ബാങ്കിംഗ് ഇതര ഉത്പന്നങ്ങളുടെ വില്പന നിറുത്തലാക്കി ബാങ്കിംഗ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇടപെടലാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. കേന്ദ്ര സർക്കാർ പല പദ്ധതികളും പൊതുമേഖലാ ബാങ്കുകളുടെ മേൽകെട്ടി വെയ്ക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തയ്യാറാവുന്നുമില്ല.
ബാങ്കുകളുടെ ലയനം നടന്നതോടെ ശാഖകൾ അടച്ചുപൂട്ടുന്നത് വ്യാപകമായിരിക്കുകയാണ്. ജനകീയ ബാങ്കിംഗ് പുന:സ്ഥാപിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ടി വരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.മീന, ജില്ലാ പ്രസിഡന്റ് കെ.ടി അനിൽകുമാർ, ജില്ലാ സെക്രട്ടറി വി.ആർ ഗോപകുമാർ എന്നിവർ സംബന്ധിച്ചു.