കോഴിക്കോട്: നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ സ്വകാര്യ കമ്പനി സ്ഥാപിച്ച പരസ്യ ബോർഡുകൾ അജ്ഞാതർ നശിപ്പിച്ചതായി പരാതി.

കമ്പനിയുടെ പേര് ഇംഗ്ലീഷിലും അറബിയിലും എഴുതിയാണ് എരഞ്ഞിപ്പാലം, അശോകപുരം എന്നിവിടങ്ങളിലുൾപ്പെടെ ഏഴ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ബോർഡ് സ്ഥാപിച്ചത്. അറബിയിൽ എഴുതിയതിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് വരികയായിരുന്നുവെന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സൈബർ ആക്രമണം നടത്തുകയാണെന്നും മാനേജിംഗ് ഡയറക്ടർ ഷംസു മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബോർഡ് നീക്കണമെന്നാവശ്യപ്പെട്ട് ചിലർ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സൈബർ ആക്രമണത്തിനിടെയാണ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്നും എം.ഡി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പി.വി.മുസ്തഫയും സംബന്ധിച്ചു.