കോഴിക്കോട്: കൊവിഡിന്റെ വരവോടെ ഒരു വർഷത്തിലേറെയായി കഷ്ടനഷ്ടങ്ങൾ നേരിടുന്ന കച്ചവടക്കാരെ പ്രതിരോധത്തിന്റെ പേരിൽ അധികൃതർ ഇനിയും ദുരിതത്തിലേക്ക് തള്ളിവിടരുതെന്ന് വ്യാപാര സംഘടനകളുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം പാടില്ല. കടകളുടെയും ഹോട്ടലുകളുടെയും സമയക്രമം പുനഃപരിശോധിച്ച് അനുകൂല നിലപാട് സ്വീകരിക്കണം,
കൊവിഡ് പ്രോട്ടോക്കോൾ വേണ്ടെന്നു പറയുന്നില്ല. എന്നാൽ, അത് നടപ്പാക്കുന്ന രീതിയിലാണ് പ്രശ്‌നം.
നോട്ടു നിരോധനവും നിപ്പയും പ്രളയങ്ങളുമെല്ലാമായി വ്യാപാരമേഖല നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു. മൊത്തത്തിൽ കടകൾ അടപ്പിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല.
കടകളുടെ പ്രവർത്തനസമയം കൂട്ടാൻ കഴിയുമെങ്കിൽ അതാവും ഗുണം ചെയ്യുക. അങ്ങനെയെങ്കിൽ തിക്കും തിരക്കുമില്ലാതെ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയും.
വാർത്താസമ്മേളനത്തിൽ സുബൈർ കൊളക്കാടൻ (കാലിക്കറ്റ് ചേംബർ), ജോഹർ ടാംടൻ, മുജീബ് ( ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ), ബിജു ( ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ), ഷെവലിയാർ സി.ഇ.ചാക്കുണ്ണി (കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ), അഡ്വ.സിറാജുദ്ദീൻ ഇല്ലത്തൊടി (സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ) എന്നിവർ സംബന്ധിച്ചു.