കോഴിക്കോട്: ബ്ലഡ് ഡോണേഴ്‌സ് കേരളയും മേയ്ത്ര ഹോസ്പിറ്റലും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം വ്യാപകമാകുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയകൾക്കും മറ്റും ആവശ്യമായ രീതിയിൽ രക്തം ലഭ്യമാകാതെ വരുന്ന സാഹചര്യത്തെ കൂടി പരിഗണിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഫാറൂഖ് കോളേജ്, ജൂബിലി ഹെൽത്ത് സെന്ററിൽ വെച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. നൂറിലധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. അപൂർവ്വ രക്തഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി പേർ രക്തദാന സന്നദ്ധരായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ക്യാമ്പിന് ഡോ. അനു തോമസ്, സജിത്ത് കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി.