കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ ഉത്പ്പാദനത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുമതി നല്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. ഹിമാചൽപ്രദേശിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈയിലെ ബി.സി.ജി വാക്‌സിൻ ലബോറട്ടറി, കൂനൂരിലെ പാശ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, തമിഴ്‌നാട്ടിലെ എച്ച്.ബി.എൽ ഇന്റഗ്രേറ്റഡ് വാക്‌സിൻ കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങൾക്ക് അനുമതി ലഭ്യമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും അനുദിനം കൂടുമ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അടിയന്തരമായി വാക്‌സിൻ ലഭ്യമാക്കുന്നതിന് എന്തുകൊണ്ട് പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല .
രണ്ടാം തരംഗത്തിൽ ഇതര രാജ്യങ്ങളിൽ നിന്ന് വാക്‌സീൻ ഇറക്കുമതി ചെയ്യുന്ന നിലയിലേക്ക് രാജ്യം എത്തിയിരിക്കുന്നു. ഇത് മറികടക്കാൻ പൊതുമേഖല വാക്‌സീൻ നിർമ്മാണ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി തദ്ദേശീയ ഉത്പ്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എം.പി ചൂണ്ടിക്കാട്ടി.