കോളേരി: മീനത്തിന്റെ അവസാനവും മേടത്തിന്റെ ആദ്യവുമായി പെയ്ത പുതുമഴ വേനലിന്റെ കാഠിന്യം കുറച്ചെങ്കിലും പുഞ്ച കൃഷിയിറക്കി വരുന്ന നെൽകർഷകരെ ബാധിച്ചു. പ്രത്യേകിച്ച് നെല്ല് കൊതുമ്പിട്ടിരിക്കുന്ന പാടങ്ങളിലാണ് ദോഷമായി തീർന്നത്. പൂമ്പൊടി കൊഴിഞ്ഞ് നെല്ല് പതിരായി പോവുകയും നെന്മണികൾ കറുത്തുപോവുകയും ചെയ്യും.
മെയ് അവസാനത്തോടുകുടി വിളവെടുക്കാൻ പാകത്തിൽ കൃഷിയിറക്കിയ കർഷകരുടെ നെല്ലാണ് ഇപ്പോൾ കൊതുമ്പിട്ട് (പൂവിട്ട്) നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുടർച്ചയായി പെയ്ത മഴ നെല്ലിന്റെ പൂവ് കൊഴിഞ്ഞു പോകാൻ ഇടയാക്കി.
മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പല പാടങ്ങളിലേയും ഉയരമുള്ള നെല്ലുകൾ ചുവടോടെ വീണുപോവുകയും ചെയ്തു. അതേസമയം നെല്ല് കൊതുമ്പിടാത്ത പാടങ്ങളിൽ ഈ മഴ ഗുണകരമാവുമെങ്കിലും തുടർച്ചയായി പെയ്യുന്നത് താമസിച്ച് കൃഷിയിറക്കിയ നെല്ലിനും ദോഷം ചെയ്യും.
നഞ്ച നേരത്തെ കൃഷിയിറക്കിയ കർഷകരാണ് പുഞ്ചയും നേരത്തെ കൃഷിയിറക്കി മഴക്കാലത്തിന് മുമ്പ് വിളവെടുക്കാൻ കാത്തിരുന്നത്. ഈ കൃഷിക്കാർക്കാണ് ഇപ്പോഴത്തെ മഴ വില്ലനായത്.
വരും ദിവസങ്ങളിലും മഴ തുടരുകയാണങ്കിൽ പാടങ്ങളിൽ നിന്ന് കർഷകർക്ക് കൊയ്തെടുക്കേണ്ടി വരിക പതിരുകൾ മാത്രമായിരിക്കും.