kerala

കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനെതിരെ, അതേ ഗ്രൂപ്പിൽപ്പെട്ട യു.ഡി.എഫ് ജില്ലാ ചെയർമാൻ കുതന്ത്രം മെനഞ്ഞത് ഇരിക്കൂറിൽ മത്സരിക്കാനുള്ള മോഹം കൊണ്ടെന്ന് എ ഗ്രൂപ്പിൽ അടക്കം പറച്ചിൽ.

ഇരിക്കൂറിലെ മത്സരാർത്ഥികളുടെ പട്ടികയിൽ ഇടംനേടിയ എ ഗ്രൂപ്പ് നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു. ഇതിന് പിന്നിൽ കോൺഗ്രസ് നേതാവും യു.ഡി.എഫ് ജില്ലാ കൺവീനറുമായ പി.ടി. മാത്യുവാണെന്നതാണ് പുതിയ കണ്ടെത്തൽ.ഇതിനെതിരെ സോണി സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ സൈബർസെൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ആദ്യമായി ആരോപണം പുറത്തുവിട്ട 'ജോൺ ജോസഫ് ' എന്ന പ്രൊഫൈൽ ഐ.ഡിയുടെ ഐ.പി അഡ്രസ് പി.ടി മാത്യുവിന്റെ ലാൻഡ് ഫോൺ നമ്പറാണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ആലക്കോട് എസ്.ഐ,​ പി.ടി. മാത്യുവിനെ ചോദ്യം ചെയ്തിരുന്നു. ഇരിക്കൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പ് നേതാവായ സോണിക്കെതിരെ സ്വന്തം ഗ്രൂപ്പിലെ നേതാവ് അപവാദ പ്രചാരണം നടത്തിയത്. കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെ സോണി സെബാസ്റ്റ്യനെതിരെ ഉയർന്ന ആക്ഷേപമായിരുന്നു പോസ്റ്റിലെ കാതൽ.

മറ്റുള്ളവർ ഇക്കാര്യം ഏറ്റെടുത്തതോടെ ജില്ലയിൽ എ ഗ്രൂപ്പിന് ഉണ്ടായിരുന്ന ആധിപത്യവും നഷ്ടപ്പെടുകയായിരുന്നു. 'അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോ? എന്നായിരുന്നു ആദ്യ പോസ്റ്റർ.

പോസ്റ്റിനോടൊപ്പം കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിരുന്നു.

പ്രചാരണത്തിൽ കഴമ്പില്ല :

സോണി സെബാസ്റ്റ്യൻ

തനിക്കെതിരെ സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ച പോസ്റ്റിൽ കഴമ്പില്ലെന്നും, അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെ എന്നിട്ട് പ്രതികരണമോ നടപടിയോ ആകാമെന്ന് അഡ്വ. സോണി സെബാസ്റ്റ്യൻ പറഞ്ഞു.

ഞാൻ അറിഞ്ഞ കാര്യമല്ല :

പി.ടി മാത്യു

മനസാ വാചാ ഞാൻ അറിഞ്ഞ കാര്യമല്ല,​ തന്റെ പേരിൽ ഉയർന്നുവന്ന ആരോപണം മാത്രമാണ്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ഞാനായിട്ട് പ്രചരിപ്പിക്കണോയെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു ചോദിച്ചു.