കോഴിക്കോട് : നിർധന കുടുംബത്തിലെ യുവതികൾക്കായി ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ആവിഷ്ക്കരിച്ച ഭാഗ്യലക്ഷ്മി മേര്യേജ് എൻഡോവ്‌മെന്റ് പദ്ധതിയിൽ നാലാമത് വിവാഹം ഈ മാസം 25ന് രാവിലെ 11.30 നും 12നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നടക്കും. കോഴിക്കോട് പാവങ്ങാട് സ്വദേശി ടി. അനിൽകുമാറിന്റെ മകൾ ടി. അയനയും കോട്ടയം തലയോലപ്പറമ്പ് പരേതനായ ഗോപാലകൃഷ്ണന്റെ മകൻ എം.ജി. അരുണുമാണ് വിവാഹിതരാകുന്നത്.
ക്ഷേത്രയോഗം ഡയറക്ടറും കൊച്ചിൻ ബേക്കറി ഉടമയുമായ എം.പി. രമേഷിന്റെ മകൾ ഭാഗ്യലക്ഷ്മിയുടെ സ്മരണാർത്ഥം അദ്ദേഹം ഏർപ്പെടുത്തിയതാണ് ഭാഗ്യലക്ഷ്മി മേര്യേജ് എൻഡോവ്‌മെന്റ് പദ്ധതി. വധുവിനുളള ആഭരണങ്ങൾ എം.പി. രമേഷും ഭാര്യ ലവീണ രമേഷും ചേർന്ന് സമ്മാനിക്കും. വധൂവരൻമാർക്കുള്ള വിവാഹ വസ്ത്രങ്ങൾ ക്ഷേത്രയോഗം ഡയറക്ടറും കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഉടമയുമായ പി. പി. മുകുന്ദൻ നൽകും. ഭക്ഷണമടക്കമുള്ള മറ്റ് വിവാഹ ചെലവുകൾ ക്ഷേത്രയോഗം വഹിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വിവാഹം.