പേരാമ്പ്ര : നാശം വിതച്ച് കിഴക്കൻ മലയോരത്ത് വൈകുന്നേരങ്ങളിലെ മഴയും കാറ്റും .
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് തുടർച്ചയായി വൈകീട്ട് മഴയോടൊപ്പം ശക്തമായ കാറ്റ് ആഞ്ഞുവീശുന്നത് . കാറ്റ് വീടുകൾക്കും ഫലവൃക്ഷങ്ങൾക്കും ഭീഷണിയാവുകയാണ് .
ബുധനാഴ്ച വൈകിട്ട് ഉണ്ടായ മഴയിലും കാറ്റിലും ചങ്ങരാത്ത് തെങ്ങ് മുറിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. ഗ്രാമപഞ്ചായത്തിലെ കന്നാട്ടി സി.കെ. നാരായണന്റെ വീടാണ് തകർന്നത്. അടുക്കള ഭാഗത്തുള്ള തെങ്ങ് കാറ്റിൽ മുറിഞ്ഞ് വീണതിനെ തുടർന്ന് മേൽക്കൂര പൂർണ്ണമായും തകർന്നു. വീടിന്റെ സീലിംഗും വീട്ടുപകരണങ്ങളും തകർന്നു. നാട്ടുകാർ ചേർന്ന് മരം മുറിച്ച് നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ഗ്രാമ പഞ്ചായത്തംഗം എം. അരവിന്ദാക്ഷൻ, മുൻ അംഗം എൻ.പി. വിജയൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൂളക്കണ്ടി പത്മിനിയുടെ വീടിന് മുകളിലും തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു.ശക്തമായ കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു.മുൻ ദിവസങ്ങളിലും കാറ്റ് വീശി നാശനഷ്ടമുണ്ടായി .
വൈകീട്ട് 4 മണിയോടെയാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശുന്നത് പതിവായത് .ശക്തമയ കാറ്റിൽ പരിസര പ്രദേശങ്ങളിലെ വാഴ, കപ്പ, ഫലവൃക്ഷങ്ങൾ എന്നിവക്കും നാശമുണ്ടായി.കൂത്താളി, കിഴക്കൻ പേരാമ്പ്ര, തണ്ടോറപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും കാറ്റു വീശി .