സുൽത്താൻ ബത്തേരി : സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി കാരക്കണ്ടിയിൽ ചപ്പങ്ങൽ വീട്ടിൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14), ജലീലിന്റെ ബന്ധുവായ പാലക്കാട് സ്വദേശി ലത്തീഫിന്റെ മകൻ അജ്മൽ (14), കോട്ടക്കുന്ന് അക്കാമ്മ ക്വാർട്ടേഴ്സിൽ മുരുകന്റെ മകൻ മുരളി (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 12.30- ഓടെയായിരുന്നു സംഭവം. ജലീലിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന ഷെഡിൽ ആണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പൊള്ളലേറ്റ മൂന്ന് പേരും സമീപത്തെ കുളത്തിലേക്ക് ചാടി. സ്ഫോടനത്തിന്റെ ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ട് ഓടിയെത്തിയ സമീപവാസികളാണ് മൂന്ന് പേരെയും കുളത്തിൽ നിന്ന് കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.
വിദേശത്തുള്ള മലപ്പുറം സ്വദേശിയുടേതാണ് ആൾത്താമസമില്ലാത്ത വീട്.
രണ്ട് വർഷം മുമ്പ് വരെ ഈ വീട് ബത്തേരിയിൽ പടക്കക്കട നടത്തിയിരുന്ന ഒരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. പടക്കകട നിർത്തിയതോടെ വീട് ഉടമയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
ആളൊഴിഞ്ഞ് കിടക്കുന്ന വീട്ടിൽ മുമ്പും കുട്ടികൾ കളിക്കാൻ കയറിയിരുന്നതായി സമീപവാസികൾ പറഞ്ഞു. കുട്ടികൾ അകത്ത് കയറി അൽപ്പ നിമിഷം കഴിഞ്ഞയുടനെയാണ് ഉഗ്ര സ്ഫോടനം നടന്നത്. പൊട്ടാതെ കിടന്ന പടക്കങ്ങളെല്ലാം പെറുക്കികൂട്ടി മുറിക്കകത്ത് വെച്ച് കത്തിക്കുകയോ, എവിടെ നിന്നെങ്കിലും കിട്ടിയ വെടിമരുന്ന് കത്തിക്കുകയോ ചെയ്തപ്പോൾ പൊട്ടിത്തെറിച്ചതാണോ എന്നാണ് സംശയിക്കുന്നത്. സ്ഫോടന കാരണം ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
ബത്തേരി അസംപ്ഷൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഫെബിൻ ഫിറോസ്. ജലീലിന്റെ സഹോദരിയുടെ മകളുടെ കുട്ടിയാണ് അജ്മൽ. ഒരാഴ്ച മുമ്പാണ് ജലീലിന്റെ വീട്ടിൽ വിരുന്നു വന്നത്. എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. എരുമാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മുരളി.
സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. റവന്യു, ഫയർ ആൻഡ് റെസ്ക്യു യൂണിറ്റ്, ബോംബ് സ്ക്വാഡ്, എക്സ്പ്ലോസീവ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.