താമരശ്ശേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണവും പരിശോധനയും കർശനമാക്കി പൊലീസ്. കോഴിക്കോട് റൂറൽ എസ്.പി ഡോ.ശ്രിനിവാസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി സന്തോഷ്, ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐമാരായ മുരളീധരൻ, സലിം, മുഹമ്മദ് കോയ, എ.എസ്.ഐ സുബാഷ്, സലേഷ് എന്നിവരടങ്ങുന്ന സംഘം താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രോൺ ഉപയോഗിച്ചുളള പരിശോധന നടത്തി. ദൃശ്യങ്ങൾ പരിശോധിച്ച് നിയമ നടപടി കൈക്കൊള്ളും.
ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കില്ല. കടകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തും. മാസ്‌ക് കൃത്യമായി ധരിക്കുന്നതായും സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസ് സ്റ്റേഷൻ തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പരിശോധനയ്ക്കായി പ്രത്യേകം സംഘം രൂപീകരിച്ചു. പൊതു ഇടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ പരിശോധിച്ച് ബോധവത്ക്കരണം നടത്തി.
ആളുകൾ കൂട്ടമായി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധന നടത്തും. വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കാൻ നിർദ്ദേശം നൽകി. മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു. ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പാക്കും. ക്വാറന്റൈനിൽ കഴിയുന്നവരെ ജനമൈത്രി സംവിധാനം പ്രയോജനപ്പെടുത്തി നിരീക്ഷിച്ചുവരികയാണ്. എൻ.ജി.ഒകൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തി ബോധവത്ക്കരണം നടത്തുമെന്നും അധികൃതൽ വ്യക്തമാക്കി.