കോഴിക്കോട്: പറമ്പിൽ ബസാറിലെ 'മമ്മാസ് ആൻഡ് പപ്പാസ് " ടെക്‌സ്റ്റൈൽസ് തീവെച്ചു നശിപ്പിച്ച കേസിൽ ഒരു പ്രതി അറസ്റ്റിലായി.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസം മാത്രം പിന്നിട്ടപ്പോഴായിരുന്നു സംഭവം.
കേസിലെ മുഖ്യപ്രതി താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ റഫീഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദിനെയാണ് മെഡിക്കൽ കോളേജ് എ.സി.പി മുരളീധരന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്‌പെക്ടർ സി.വിജയകുമാരനും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഹാജരാക്കപ്പെട്ട പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കുരുവട്ടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂമിന് ഏപ്രിൽ എട്ടിന് പുലർച്ചെയാണ് പ്രതികൾ തീവെച്ചത്. ഷോറൂം തീർത്തും കത്തിച്ചാമ്പലായി. ഏതാണ്ട് ഒന്നര കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
പൊലീസ് സംഘം ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി മനസ്സിലായി. നാമക്കൽ കേന്ദ്രീകരിച്ചുള്ള ക്രൈം സ്‌ക്വാഡിന്റെ അന്വേഷണത്തിൽ നൗഷാദ് കേരളത്തിലേക്ക് മടങ്ങിയതായി വിവരം ലഭിച്ചു. പിന്തുടർന്നെത്തിയ പൊലീസ് സംഘം താമരശ്ശേരിയിൽ നിന്നു നൗഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതോടെ മുഖ്യപ്രതി റഫീഖ് വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചു. ഒളിവിൽ പോകാൻ ഉപയോഗിച്ച ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യപ്രതിയ്ക്ക് കടയുടമയുടെ ബന്ധുക്കളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ കടയുടമ ഇടപെട്ടതിന്റെ വൈരാഗ്യം വെച്ചാണ് ഷോപ്പിന് തീവെച്ചത്. കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
റഫീഖ് കടയും പരിസരവും നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കുറ്റകൃത്യം ചെയ്തതെന്നും നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നു മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. റഫീഖിനെ വിദേശത്തു നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, സുമേഷ് ആറോളി, ചേവായൂർ എസ്.ഐ രവീന്ദ്രൻ, സി പി ഒ സുമേഷ് എന്നിവരുൾപ്പെടും.